പാസ്പോർട്ട് പിടിച്ചെടുത്തു; ജോലിയുമില്ല: സഹായമഭ്യർത്ഥിച്ച് സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാർ

റിയാദ്: സൗദി അറേബ്യയിൽ നിന്നും നാട്ടിലേക്ക് വരാനാകാതെ കുടുങ്ങി ഇന്ത്യക്കാരായ തൊഴിലാളികൾ. ദമ്മാമിലുള്ള ഇവർക്ക് തൊഴിലുടമ ജോലി നൽകുന്നത് നിർത്തിവെക്കുകയും പാസ്പോർട്ടുകൾ പിടിച്ചെടുക്കയും ചെയ്തു. കഴിഞ്ഞ നാല് മാസമായി ഇവർ താമസയിടത്ത് കുടുങ്ങിക്കിടക്കുകയാണ്. തൊഴിലുടമ പാസ്പോർട്ട് പിടിച്ചെടുത്തതോടെ നാട്ടിലേക്ക് വരാൻ കഴിയാതെ നിസ്സഹായരായിരിക്കുകയാണ് ഒമ്പത് പേരുടെ ഈ സംഘം. റിയാദിലുള്ള ഇന്ത്യൻ എംബസിയോടും വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറിനോടും ഇവർ സഹായമഭ്യർഥിച്ചിരിക്കുകയാണ്.
കുടുങ്ങിക്കിടക്കുന്നവരിൽ ഒമ്പത് പേരും ഒരു കരാർ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ഈ വർഷം ആദ്യത്തോടെ കമ്പനി ജോലികൾ നൽകുന്നത് നിർത്തിവെച്ചു. ഇതോടെ ഇവർക്ക് ജോലി നഷ്ടമാവുകയും തൊഴിൽ വിസ പുതുക്കാൻ കഴിയാതെ വരികയും ചെയ്തു. താമസ സ്ഥലത്തുള്ള ഇവർ മറ്റ് വരുമാന മാർഗങ്ങളോ നിയമ സഹായമോ ലഭിക്കാതെ കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ പാസ്പോർട്ടുകൾ ഇപ്പോഴും തൊഴിലുടമയുടെ കൈവശമാണ്.
ചില ദിവസങ്ങളിൽ ബിസ്കറ്റും ചായയും മാത്രമാണ് കഴിക്കാറുള്ളത്. എന്നാൽ ചിലപ്പോൾ അത് പോലും കിട്ടാറില്ല. നാട്ടിൽ നിന്നും വീട്ടുകാരാണ് അത്യാവശ്യത്തിനുള്ള പണം അയച്ചുതരുന്നത്. പാസ്പോർട്ട് തിരികെ ചോദിച്ച് ചെന്നവരോടൊക്കെ തൊഴിലുടമ വളരെ മോശമായി സംസാരിക്കുകയും മർദിക്കുകയും ചെയ്തതായി ഇവരിൽ ഒരാൾ പറഞ്ഞു. ഇവർക്കാവശ്യമായ എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.