World

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നു, നിരവധി മരണം, വിമാനത്തിലുണ്ടായിരുന്നത് 181 പേർ

സിയോൾ: ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് നിരവധി മരണം. 29 പേര്‍ മരിച്ചുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആറു ജീവനക്കാരുള്‍പ്പെടെ 181 പേര്‍ വിമാനത്തിലുണ്ടായിരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജെജു എയറിന്റെ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. മുവാന്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടം. ബാങ്കോക്കില്‍ നിന്ന് മുവാനിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ഇടിക്കുകയായിരുന്നു. പിന്നാലെ വിമാനത്തിന് തീപിടിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷിയിടിച്ചതാണ് അപകടകാരണമെന്നും സംശയിക്കുന്നു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്.

കസഖ്സ്ഥാനിലുണ്ടായ ദുരന്തത്തിന് പിന്നാലെയാണ് വീണ്ടുമൊരു വിമാനാപകടം സംഭവിച്ചിരിക്കുന്നത്. കസഖ്സ്ഥാനില്‍ ചൊവ്വാഴ്ച അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് തകര്‍ന്നുണ്ടായ അപകടത്തില്‍ 38 പേരാണ് മരിച്ചത്. 67 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അസർബൈജാൻ, കസഖ്‌സ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എംബ്രയര്‍ 190 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.

ബക്കുവിൽ നിന്ന് ഗ്രോസ്‌നിയിലേക്ക് പോവുകയായിരുന്ന വിമാനം അക്തോയിലാണ് തകര്‍ന്നുവീണത്. ഈ അപകടത്തിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. അപകടത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്നായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ ആരോപണം. വിമാനത്തില്‍ റഷ്യന്‍ മിസൈലുകള്‍ ഇടിച്ചതാകാമെന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ റഷ്യ അപലപിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നായിരുന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം. അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തുടര്‍ന്ന് ഡിസംബര്‍ 28 മുതല്‍ ബക്കുവില്‍ നിന്ന് റഷ്യയിലേക്കുള്ള എട്ട് വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായും അസര്‍ബൈജാന്‍ എയര്‍ലൈന്‍ അറിയിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകും വരെ വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തത് തുടരുമെന്നായിരുന്നു എയര്‍ലൈന്റെ നിലപാട്.

ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തുകയും ചെയ്തു. റഷ്യയുടെ വ്യോമ മേഖലയിൽ അപകടം നടന്നതിൽ ക്ഷമ ചോദിക്കുന്നെന്ന് അസർബൈജാൻ പ്രസിഡന്റിനോട് ഫോണിലൂടെ പുടിന്‍ പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയാണ് റഷ്യന്‍ പ്രസിഡന്റ് ക്ഷമാപണം നടത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും, പരിക്കേറ്റവര്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!