പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; ഇനി കേസെടുത്താലും കുഴപ്പമില്ലെന്ന് ജി സുധാകരൻ

മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന എൻജിഒ യൂണിയൻ പൂർവകാല നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. 1989ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചായിരുന്നു പരാമർശം
ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ട്. ഇനി കേസെടുത്താലും കുഴപ്പമില്ല. തപാൽ വോട്ട് ചെയ്യുമ്പോൾ എൻജിഒ യൂണിയൻകാർ വേറെ ആളുകൾക്ക് വോട്ട് ചെയ്യരുത്. അങ്ങനെ കുറച്ചുപേർ ചെയ്യുന്നുണ്ട്. കെവി ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങൾ തിരുത്തി. 15 ശതമാനം പേർ വോട്ട് ചെയ്തത് എതിർ സ്ഥാനാർഥിക്കായിരുന്നു
ഇനി എന്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല. എൻജിഒ യൂണിയനിൽ പെട്ടവർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ ഒരു തെരഞ്ഞെടുപ്പൊക്കെ വരുമ്പോൾ രാഷ്ട്രീയം തുറന്നു പറയണം. അല്ലാതെ പോസ്റ്റൽ ബാലറ്റ് ഒട്ടിച്ച് തന്നാൽ നിങ്ങളുടെ തീരുമാനം ആരും അറിയില്ലെന്ന് കരുതരുതെന്നും ജി സുധാകരൻ പറഞ്ഞു