പാമ്പുകടി മരണത്തില്‍ പാതിയും സംഭവിക്കുന്ന രാജ്യമെന്ന ദുഷ്‌പേര് മാറ്റാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഓരോ വര്‍ഷത്തിലും അര ലക്ഷം മനുഷ്യര്‍ പാമ്പുകടിയേറ്റ് മരിക്കുന്ന രാജ്യമെന്ന ദുഷ്‌പേര് മാറ്റാന്‍ ഇന്ത്യ ഒരുങ്ങുന്നു. പാമ്പുകടിയേറ്റ് ലോകത്ത് നടക്കുന്ന മരണങ്ങളുടെ നേര്‍പകുതിയും ഇന്ത്യയിലാണ്. പാമ്പുകടിയുടെ ലോക തലസ്ഥാനമെന്ന ദുഷ്‌പേര് മാറ്റാന്‍ അതുകൊണ്ടാണ് ഇന്ത്യ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. 2030-ഓടെ പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങള്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പാമ്പുകടി മരണ പ്രതിസന്ധി നേരിടാന്‍ ഉറച്ചിറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ‘വണ്‍ ഹെല്‍ത്ത്’ എന്ന സമീപനത്തിലൂടെ പാമ്പുകടി നിയന്ത്രണം നടപ്പിലാക്കാന്‍ കര്‍മ്മ പദ്ധതി ലക്ഷ്യമിടുന്നു. പാമ്പുകടി ഏല്‍ക്കുന്നവര്‍ക്ക് അടിയന്തര സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 15400 പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വൈദ്യസഹായവും വിവരങ്ങളും ഉടനടി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് കേരളത്തിലേക്ക് ഭാവിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ പാമ്പുകടി മരണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കാന്‍ കഴിയുന്നതാണ് എന്ന് ഗവേഷണങ്ങളില്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. ‘നിശ്ശബ്ദ മഹാമാരി’ എന്നാണ് ഗവേഷകര്‍ പാമ്പുകടിയേറ്റുള്ള മരണങ്ങളെ വിശേഷിപ്പിക്കുന്നത്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പാമ്പുകടിയേറ്റവരുടെ വാര്‍ഷികശരാശരി 3 ലക്ഷമാണ്. പാമ്പുകടിയേല്‍ക്കുന്നവരില്‍ ഒരു ചെറിയ ഭാഗം മാത്രമേ ക്ലിനിക്കുകളിലും ആശുപത്രികളിലും റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ.
ഉഗ്രവിഷമുള്ള നാലുതരം പാമ്പുകളുടെ കടിയേറ്റാണ് ഇന്ത്യയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ ബഹുഭൂരിഭാഗവും സംഭവിക്കുന്നത്. ഇവയെ ‘ബിഗ് ഫോര്‍’ എന്നാണ് വിശേഷിപ്പിക്കാറ്. ഇന്ത്യന്‍ മൂര്‍ഖന്‍, ചേനത്തണ്ടന്‍ എന്നറിയപ്പെടുന്ന റസ്സല്‍സ് വൈപ്പര്‍, വെള്ളിക്കെട്ടന്‍(ശംഖുവരയന്‍) എന്നറിയപ്പെടുന്ന കോമണ്‍ ക്രൈറ്റ്, ചുരുട്ടമണ്ഡലി(വട്ടക്കൂറ) എന്നറിയപ്പെടുന്ന സോ സ്‌കേല്‍ഡ് വൈപ്പര്‍ എന്നിവയാണിവ.
വൈദ്യന്മാരെ സമീപിക്കുന്നത്, ആശുപത്രിയിലെത്തിക്കുന്നതില്‍ ഉണ്ടാവുന്ന താമസവും വീഴ്ചയും തുടങ്ങിയവയാണ് മരണ നിരക്ക് വര്‍ധിപ്പിക്കുന്നത്. പാമ്പുകടി ഏറ്റയാള്‍ക്ക് നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളിലെ പിഴവ് മറ്റൊരു പ്രശ്‌നമാണ്. എല്ലാ ആശുപത്രികളിലും ആന്റിവെനം ലഭ്യമല്ല എന്നതും പലരും പാമ്പിനെ തിരഞ്ഞ് നേരം കളയുമെന്നതും മരണം കൂട്ടുന്നു. ആന്റിവെനം നല്‍കാന്‍ ഏത് പാമ്പാണ് കടിച്ചതെന്ന് അറിയേണ്ടതില്ലെന്ന് മിക്കവര്‍ക്കും അറിയില്ലെന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നുണ്ട്.