പുഷ്പ 2 റിലീസ് ദിവസത്തിലെ ദുരന്തം: അല്ലു അർജുൻ ഇന്ന് 11 മണിക്ക് ഹാജരാകണമെന്ന് പോലീസ്
പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് ഹൈദരാബാദ് പോലീസ് നോട്ടീസ് നൽകിയത്. ഇന്ന് രാവിലെ 11 മണിക്ക് സന്ധ്യ തിയേറ്റർ ഉൾപ്പെടുന്ന ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. സ്വാഭാവിക നടപടിയെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകരും അറിയിച്ചു.
ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതിയാണ് ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്താതൻ അപകടക കാരണം . തിയറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയും മകൻ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു.
രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ദിവസങ്ങൾക്കുശേഷം മകന് മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു. സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു അർജുൻ പുറത്തിറങ്ങിയത്.