
ദോഹ: ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹി ഊഷ്മളമായ വരവേല്‍പ്പ്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഖത്തര്‍ ഭരണാധികാരി ഇന്ത്യയിലേക്ക് എത്തിയത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രിയില്‍ എത്തിയ അമീറിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോള്‍ മറികടന്ന് വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. ഹസ്തദാനം നല്‍കിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ ആദരസൂചകമായി സ്വീകരിച്ചത്.
ഖത്തര്‍ അമീറിന്റെ വിമാനത്തിന്റെ അരികിലോളം ചെന്ന് സ്വീകരിച്ചതും അത്യപൂര്‍വമായ നടപടിയായാണ് നയതന്ത്ര വിദഗ്ധര്‍ വീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും വിമാനത്താവളത്തില്‍ വിശിഷ്ടവ്യക്തിയെ സ്വീകരിക്കാന്‍ സന്നിഹിതനായിരുന്നു. ഖത്തര്‍ ഭരണാധികാരിക്കൊപ്പം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനിയും അനുഗമിക്കുന്നുണ്ട്. ഒപ്പം മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഖത്തറിലെ വാണിജ്യ-വ്യവസായ-വ്യാപാര രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉന്നതല സംഗമം ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്.
അമീറിനെ സ്വീകരിക്കാനുള്ള സംഘത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പുറമേ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍, ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ അസ്സന്‍ അല്‍ ജാബിര്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും എത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ വസതിയിലായിരുന്നു ഖത്തര്‍ അമീറിന്റെ ആദ്യ കൂടിക്കാഴ്ച. ഖത്തര്‍ അമീര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി മേഖലയിലെ വിവിധ പ്രശ്‌നങ്ങളും രാജ്യാന്തര വിഷയങ്ങളുമെല്ലാം ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.