
ഉത്തര്‍ പ്രദേശിലെ സംഭലില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സഹോദരിയും എം പിയുമായ പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. സംഭലിലേക്ക് പോകാന്‍ ഉത്തര്‍ പ്രദേശ് പോലീസ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ രാഹുലിനെ കാണാന്‍ ഡല്‍ഹിയിലെത്തിയത്.
ഡിസംബര്‍ നാലിനായിരുന്നു രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് സംഘടന സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെ 30 ഓളം വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംഭലിലേക്ക് തിരിച്ചത്. എന്നാല്‍ ഇവരെ ഗാസിയാബാദ് അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടയുകയായിരുന്നു.
രാഹുല്‍ ഗാന്ധിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചതെന്നും ഉത്തര്‍ പ്രദേശിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയതായും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
സംഭലിലെ മുഗള്‍ കാലത്തെ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനിടെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. പള്ളി ക്ഷേത്രമാണെന്നാരോപിച്ച് നടന്ന സര്‍വേ നിയമംലംഘിച്ചാണെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. പ്രകോപനമില്ലാതെയാണ് നിരായുധരായ യുവാക്കള്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തിയിരുന്നു.