തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
ആരോപണം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വിഷയത്തില്‍
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പങ്കുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.
ഗൗരവകരമായ കാര്യങ്ങളാണ് മഹാരാഷ്ട്രയില്‍ നടന്നതെന്നും ബി ജെ പിയെ വിജയിപ്പിക്കാന്‍ ആസൂത്രണം നടന്നെന്നും വ്യക്തമാക്കുന്ന ആരോപണമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ബെലഗാവില്‍ നടന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. വോട്ടര്‍ പട്ടികയില്‍ വലിയതോതില്‍ മാറ്റം സംഭവിച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടര്‍മാരെയാണ് പുതിയതായി ചേര്‍ത്തത്.
വോട്ടുകള്‍ ചേര്‍ത്തിയ 112 നിയമസഭാ മണ്ഡലങ്ങളില്‍ 108-ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, നേരത്തെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറഞ്ഞിരുന്നു. വോട്ടര്‍പട്ടികയില്‍ നിര്‍ബന്ധിതമായി പേര് നീക്കംചെയ്യലോ പേരു ചേര്‍ക്കലോ ഉണ്ടായിട്ടില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്. ഇതിന് ശേഷവും രാഹുല്‍ വിഷയം ഉന്നയിക്കുന്നത് വലിയ വാഗ്വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായേക്കും. രാഹുലിനെതിരെ ഇതിന്റെ പേരില്‍ നിയമനടപടിയുമുണ്ടായേക്കാം.