National
സംഭാലിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെ അതിർത്തിയിൽ തടഞ്ഞു; പിന്നോട്ടേക്കില്ലെന്ന് കോൺഗ്രസ്
വെടിവെപ്പുണ്ടായ യുപി സംഭാലിലേക്ക് പുറപ്പെട്ട ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് എംപിമാരെയും യുപി പോലീസ് തടഞ്ഞു. ഡൽഹി-യുപി അതിർത്തിയായ ഗാസിയാപൂരിൽ വെച്ചാണ് രാഹുലിന്റെ വാഹനം പോലീസ് തടഞ്ഞത്.
രാഹുൽ ഗാന്ധി തിരികെ പോകണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാൽ ഇത് തള്ളി രാഹുൽ വാഹനത്തിൽ തന്നെ തുടരുകയാണ്. രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് നിരവധി കോൺഗ്രസ് പ്രവർത്തകർ അതിർത്തിയിൽ തടിച്ചു കൂടിയിട്ടുണ്ട്.
രാഹുലിനെ തടയാൻ വൻ പോലീസ് സന്നാഹമാണ് യുപി സർക്കാർ അതിർത്തിയിൽ ഒരുക്കിയത്. ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാൽ പുറത്തുനിന്നുള്ള ആർക്കും വരാൻ കഴിയില്ലെന്നാണ് യുപി സർക്കാർ പറയുന്നത്.