Kerala

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം.

കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമന്ന ആവശ്യം കോൺഗ്രസിൽ ശക്തം. രാഹുലിൻ്റെ രാജി ചോദിച്ചു വാങ്ങണമെന്ന പക്ഷക്കാരാണ് പ്രധാന നേതാക്കളെല്ലാം. ഷാഫി പറമ്പിൽ മാത്രമാണ് രാഹുൽ രാജിവെക്കേണ്ടതില്ല എന്ന് നിലപാടെടുത്തിട്ടുള്ളത്. വി.ഡി സതീശനാണ് രാഹുലിനെതിരെ ഏറ്റവും കടുത്ത നിലപാടെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടുന്ന ടീമിനെ നയിച്ച് നിയമസഭാ സമ്മേളനത്തിലേക്ക് പോകാൻ കഴിയില്ല എന്നാണ് വി.ഡി സതീശൻ്റെ നിലപാട്. ഇക്കാര്യം എ.ഐ.സി.സി നേതൃത്വത്തേയും അറിയിച്ചുവെന്നാണ് സൂചന.

രേഖാമൂലം പരാതി ഇല്ല എന്ന സാങ്കേതികത്വം പ്രതിരോധമാക്കിയാൽ തിരിച്ചടി നേരിടുമെന്നും കണക്കുകൂട്ടുന്നു. എന്നാൽ ഒരു കാരണവശാലും രാജിവയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ തുടരുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയും തർക്കം തുടരുകയാണ്. നോമിനികളെ മുന്നോട്ട് വച്ച നേതാക്കൾ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

Related Articles

Back to top button
error: Content is protected !!