രാജന്‍ പി ദേവിന്റെ സിഗരറ്റ് വലി നിര്‍ത്താന്‍ സുരേഷ് ഗോപി ആവുന്നതൊക്കെ ചെയ്തു…എന്നിട്ടോ…
രസകരമായ ഓര്‍മകള്‍ പങ്കുവെച്ച് പൊന്നമ്മ ബാബു
വില്ലന്‍ വേഷത്തില്‍ നിറ സാന്നിധ്യമായ അന്തരിച്ച രാജന്‍ പി ദേവുമായുള്ള നടനും ഇപ്പോള്‍ മന്ത്രിയുമായ സുരേഷ് ഗോപിയുടെ ബന്ധം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ഓര്‍മകളുമായി നടി പൊന്നമ്മ ബാബു. രമേശ് പിഷാരടി അവതാരകനായ ഓര്‍മകളിലെന്നും എന്ന അമൃതാ ടിവിയുടെ പരിപാടിയിലാണ് കൊമേഡിയനായ നടിയുടെ വെളിപ്പെടുത്തല്‍.
രാജേട്ടന്‍ സിഗരറ്റ് വലിക്കുമ്പോള്‍ നടന്‍ സുരേഷ് ഗോപി അത് തടഞ്ഞുവെന്നും നടി പറയുന്നു. രാജേട്ടന്റെ ഭാര്യയാണ് സുരേഷ് ഗോപിയെ ഇക്കാര്യം നോക്കുവാന്‍ ഏല്‍പ്പിച്ചത്. അത് ഭംഗിയായി സുരേഷ് ഗോപി നിര്‍വഹിക്കുകയും ചെയ്തു. ബ്ലാക്ക് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും… കുറച്ച് ഒച്ച ഒക്കെ ഉണ്ടാക്കുമെങ്കിലും സുരേഷ് ഗോപിയത് കാര്യമാക്കില്ല. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ അകത്തു പോയി അദ്ദേഹം വേറെ സിഗററ്റ് എടുത്തിട്ട് വരും.
രാജേട്ടന്‍ സിഗരറ്റ് വലിക്കുന്നുണ്ടോന്ന് ഒന്ന് നോക്കിക്കോണേ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ശാന്തേച്ചി സുരേഷ് ഗോപിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് സിഗരറ്റ് വലിക്കരുത് എന്നാണ്. ഇതറിയാവുന്നതുകൊണ്ട് സുരേഷ് ഗോപി കാണുന്നതൊക്കെ കളയും. രാജേട്ടന്‍ സിഗരറ്റ് വലിക്കുന്നുണ്ടെന്ന് ഞാനും കാണുമ്പോഴൊക്കെ വിളിച്ചു പറയും. അപ്പോള്‍ പുള്ളി എന്നെ വഴക്കു പറയുമെന്നും പൊന്നമ്മ ബാബു പറയുന്നു.