
പ്രമേഹരോഗികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന മരുന്ന് വിലകുറച്ച് വാങ്ങാനുള്ള അവസരമൊരുങ്ങുന്നു. ജർമൻ മരുന്ന് കമ്പനിയായ ബറിങ്ങർ ഇങ്ങൽഹൈം വികസിപ്പിച്ച എംപാഗ്ലിഫോസിന്റെ മേലുള്ള പേറ്റന്റിന്റെ കാലാവധി മാർച്ച് 11ഓടെ അവസാനിച്ചതിനാൽ ഇതിനകം മരുന്നിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തി തുടങ്ങി. ഇന്ത്യൻ ഔഷധ വിപണിയിലെ പ്രശസ്ത കമ്പനികളായ മാൻകൈൻസ് ഫാർമ, ലൂപിൻ, ആൽകെം, ലബോറട്ടറീസ്, ഗ്ലെൻമാർക്ക് തുടങ്ങിയവരാണ് എംപാഗ്ലിഫോസിന്റെ ജനറിക് പതിപ്പ് വിപണിയിൽ എത്തിക്കുന്നത്.
10 മില്ലിഗ്രാം വരുന്ന എംപാഗ്ലിഫോസിന്റെ ഒരു ടാബ്‌ലറ്റിന് ഇന്ത്യയിൽ മുമ്പ് 60 രൂപയോളമായിരുന്നു വില. മരുന്നിന് മേലുള്ള പേറ്റന്റ് അവസാനിച്ചതോടെ ഇത് ആറ് രൂപയിൽ താഴെ ലഭ്യമാകും. ഇതിന്റെ 25 മില്ലിഗ്രാം ടാബ്‌ലറ്റിന് 10 രൂപ മാത്രമായിരിക്കും പുതിയ വില. അതായത് നേരത്തെ മരുന്നിന് നൽകേണ്ടി വന്നിരുന്ന തുകയുടെ പത്തിലൊന്നായി വില കുറയും.
പാൻക്രിയാസിന്റെ പ്രവർത്തനത്തിലെ അപാകത മൂലം വരുന്ന ടൈപ്പ് 2 പ്രമേഹ രോഗികൾക്കാണ് എംപാഗ്ലിഫോസ് മരുന്ന് നൽകുന്നത്. വൃക്കയിൽ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസിന്റെ പുനരാഗിരണം തടയാൻ ഇത് സഹായിക്കുന്നു. സോഡിയം – ഗ്ലൂക്കോസ്- കോ – ട്രാൻസ്പോർട്ടർ – 2 ഇൻഹിബിറ്റർ (എസ്ജിഎൽടി 2) വിഭാഗത്തിൽ പെടുന്ന മരുന്നാണിത്. പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്നത് തടയാൻ ഈ മരുന്ന് സഹായിക്കും. കൂടാതെ മൂത്രത്തിലൂടെ അധികമായി വരുന്ന ഗ്ലൂക്കോസ് പുറന്തള്ളാനും ഇത് സഹായിക്കുന്നു.
പഠനങ്ങൾ പറയുന്നത് പ്രകാരം പ്രമേഹ രോഗികളിൽ ഹൃദയാഘാതം, വൃക്ക തകരാർ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകുന്നത് പ്രതിരോധിക്കാനും എംപാഗ്ലിഫോസിൻ സഹായിക്കും. കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ആകെ 10 കോടിയോളം പ്രമേഹ രോഗികൾ ഉണ്ട്. മികച്ച മരുന്ന് വിലക്കുറവിൽ വിപണിയിൽ ലഭ്യമാകുന്നതോടെ ചികിത്സാ ചെലവിൽ വലിയ ആശ്വാസമാണ് ഉണ്ടാവുക