Gulf

10 കോടി റിയാല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച റിട്ട. കേണല്‍ അറസ്റ്റില്‍

റിയാദ്: 10 കോടി റിയാല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച റിട്ട. കേണലിനെ സഊദി അഴിമതി വിരുദ്ധ സേന അറസ്റ്റ് ചെയ്തു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സഊദി ബിസിനസുകാരനില്‍ നിന്ന് റിട്ട. കേണല്‍ 10 കോടി റിയാല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സിയില്‍ ജീവനക്കാരനായിരുന്ന റിട്ടയേഡ് കേണല്‍ സാദ് ഇബ്രാഹിം അല്‍ യൂസഫാണ് ആദ്യ ഗഡുവായ മൂന്നു കോടി റിയാലിന്റെ ചെക്ക് കൈപറ്റുന്നതിനിടെ നാടകീയമായി സഊദി ഓവര്‍സൈറ്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസഹ) ഉദ്യോഗസ്ഥരുടെ പിടിയിലായത്.

കേണല്‍ അല്‍ യൂസഫ് സര്‍വീസിലായിരിക്കെ കൈകാര്യം ചെയ്തിരുന്ന കേസായിരുന്നു സഊദി ബിസിനസുകാരന്‍ ഉള്‍പ്പെട്ട അഴിമതിക്കേസ്. തന്റെ സ്വാധീനം ഉപയോഗിച്ച് അഴിമതിക്കേസ് അവസാനിപ്പിക്കാമെന്നും പ്രതികളെയെല്ലാം രക്ഷപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്്.
കേണല്‍ അല്‍ യൂസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ച യെമന്‍ നിവാസിയായ അംന മുഹമ്മദ് അലി അബ്ദുല്ല എന്ന സ്ത്രീയും പിടിയിലായതായി സേന അറിയിച്ചു. മറ്റൊരു രാജ്യത്തെ ഭരണകുടുംബത്തിലെ അംഗവും സൗദിയില്‍ സര്‍ക്കാര്‍ പദവി വഹിക്കുന്ന ആളുമാണെന്നും അവകാശപ്പെട്ടായിരുന്നു യമനി വനിത കേസില്‍ ഇടപെട്ടത്. ബിസിനസുകാരനെ കബളിപ്പിക്കാനും അവരുടെ അവകാശവാദങ്ങള്‍ക്ക് ബലം നല്‍കാനും രാജകീയ ഉത്തരവ് ഉള്‍പ്പെടെയുള്ള വ്യാജ രേഖകളും അംന മുഹമ്മദ് ബിസിനസുകാരന് കൈമാറിയതായും വ്യക്തമായതായും നസഹ അറിയിച്ചു.

Related Articles

Back to top button