
ദുബായിലെ റോബോട്ട് ഡെലിവറി സിസ്റ്റം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം എമിറേറ്റിലെ ശോഭ ഹാർട്ട്ലൻഡിലാണ് റോബോട്ട് ഡെലിവറി സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. നിലവിൽ ഭക്ഷണവും പലചരക്കുമാണ് റോബോട്ട് ഡെലിവറി സിസ്റ്റത്തിലുള്ളത്. ഇത് ഏറെ വൈകാതെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും റോബോട്ട് ഡെലിവറി സിസ്റ്റം വികസിപ്പിച്ച യാങ്കോ ടെക് ഓട്ടോണമി പറഞ്ഞു. ഇത് വൻ വിജയമായതിന് പിന്നാലെ മറ്റിടങ്ങളിലേക്ക് സിസ്റ്റം വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു
ഓർഡർ ചെയ്യുന്നവരിൽ 40 ശതമാനത്തിലധികം ആളുകൾ റോബോട്ട് ഡെലിവറിയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്ന് യാങ്കോ ടെക്ക് ഓട്ടോണമി മിഡിൽ ഈസ്റ്റ് റീജിയണൽ ഹെഡ് നികിത ഗവ്റിലോവ് പറഞ്ഞു. അവർക്ക് ഫുള്ളി ഇലക്ട്രിക് ആയ, നൂതനമായ സംഭവം 20 മിനിട്ടിൽ വീട്ടിൽ വന്ന് സാധനങ്ങൾ ഡെലിവർ ചെയ്യുന്നതായിരുന്നു വേണ്ടത്. അത് നല്ല ആവേശമുള്ളതാണല്ലോ എന്നും അവർ പറഞ്ഞു. റോബോട്ട് ഡെലിവറി സമയം വളരെ മികച്ചതായിരുന്നു. വളരെ വേഗത്തിൽ, കൃത്യമായിത്തന്നെ സാധനങ്ങൾ എത്തിക്കുമായിരുന്നു. റോബോട്ടുകൾ എല്ലാ ഷിഫ്റ്റിലും എപ്പോഴും പ്രവർത്തിക്കുമെന്നതിനാൽ അതും വളരെ ഉപകാരപ്രദമാണ്. റോബോട്ടിനെ കൈകാര്യം ചെയ്യാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കഴിഞ്ഞ മാസം പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും അവർക്കുണ്ടായില്ല. കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണെന്ന് ജീവനക്കാർ പറഞ്ഞിരുന്നു എന്നും അവർ പ്രതികരിച്ചു.
ടെക്, റീട്ടെയിൽ കമ്പനിയായ റൂട്ട്സുമായി സഹകരിച്ചാണ് യാങ്കോ ടെക്ക് ഓട്ടോണമി, പരീക്ഷണാടിസ്ഥാനത്തിൽ റോബോട്ട് ഡെലിവറി സിസ്റ്റം ആരംഭിച്ചത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി രണ്ട് കിലോമീറ്റർ ചുറ്റളവിൽ 30 മിനിട്ടിനകം സാധനം എത്തിക്കും. പദ്ധതി വൻ വിജയം കണ്ടതോടെ ഇത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.