Sports

ഇങ്ങനെയാണെങ്കില്‍ മിക്കവാറും സഞ്ജുവിന് കണ്ണേറ് പറ്റും; വാനോളം പുകഴ്ത്തി മറ്റൊരു താരം

സഞ്ജുവിനെ പോലൊരു ക്യാപ്റ്റനെ കണ്ടില്ലെന്ന് സന്ദീപ് ശര്‍മ

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയുമായുള്ള ടി20 പരമ്പരക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡുമായുള്ള മത്സരത്തില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സഞ്ജുവിനെ പുകഴ്ത്തി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരുന്നത്. അതില്‍ ആസ്‌ത്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗ് മുതല്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ താരം വരെ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ. 12 വര്‍ഷമായി ഐപിഎല്ലില്‍ കളിക്കുകയാണ് താനെന്നും പക്ഷെ സഞ്ജുവിനെപ്പോലെയൊരു നായകനെ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡെത്ത് ഓവറുകളില്‍ സഞ്ജുവിന്റെ ഏറ്റവും വിശ്വസ്തനായ ബൗളറാണ് സന്ദീപ്. കഴിഞ്ഞ സീസണിലുള്‍പ്പെടെ പല ത്രില്ലിങ് വിജയങ്ങള്‍ റോയല്‍സിനു നേടിക്കൊടുക്കാനും സന്ദീപിനായിട്ടുണ്ട്. റോയല്‍സിന്റെ ഭാഗമാവുന്നതിനു മുമ്പ് നേരത്തേ പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 2023ലെ ഐപിഎല്ലിനു മുന്നോടിയായാണ് സന്ദീപ് റോയല്‍സിലേക്കു ചേക്കേറിയത്. ലേലത്തില്‍ ആരും വാങ്ങാതെ പോയ അദ്ദേഹത്തെ പകരക്കാരനായി അവര്‍ ടീമിലെത്തിക്കുകയായിരുന്നു. ഈ നീക്കം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാസ്റ്റര്‍ സ്ട്രോക്കുകളിലൊന്നായി മാറുകയും ചെയ്തു.

സഞ്ജു സാംസണ്‍ വളരെ സ്പെഷ്യലായിട്ടുള്ള ക്യാപ്റ്റനാണെന്നാണ് സന്ദീപ് ശര്‍മയുടെ അഭിപ്രായം. വളരെ മികച്ച ക്യാപ്റ്റന്‍ തന്നെയാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ സഞ്ജുവിനെപ്പോലെയൊരു ക്യാപ്റ്റനെ മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഒരുപാട് നായകര്‍ക്കു കീഴില്‍ ഞാന്‍ കളിച്ചു കഴിഞ്ഞു. പക്ഷെ ഏറ്റവും ബെസ്റ്റ് സഞ്ജു തന്നെയാണ്. കളിക്കളത്തില്‍ സമ്മര്‍ദ്ദത്തിലാവുമ്പോള്‍ സഞ്ജു ഒരിക്കലും അതു തന്റെ ടീമിലെ ബാറ്റര്‍മാരിലേക്കോ, ബൗളര്‍മാരിലേക്കോ കൈമാറാറില്ല. അവയെ അദ്ദേഹം സ്വയം തനിക്കുള്ളതില്‍ തന്നെ ഒതുക്കി നിര്‍ത്തുകയാണ് ചെയ്യാറുള്ളത്.

അതേസമയം, ദക്ഷിണാഫ്രിക്കയുമായുള്ള മത്സരങ്ങള്‍ സഞ്ജുവിന് ഏറെ നിര്‍ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള സ്ഥിര പ്രവേശനം മുടങ്ങും. ഇത്തരത്തിലുള്ള പുകഴ്ത്തല്‍ കേള്‍ക്കുമ്പോള്‍ തങ്ങളുടെ സഞ്ജുവിന് കണ്ണേറ് പറ്റുമോയെന്ന് പരിതപിക്കുകയാണ് ആരാധകര്‍.

Related Articles

Back to top button