KeralaSports

ധോണിയും രോഹിത്തും കോലിയും എന്റെ മകന്റെ പത്ത് വര്‍ഷം ഇല്ലാതാക്കി: ആഞ്ഞടിച്ച് സഞ്ജുവിന്റെ പിതാവ്

വിക്കറ്റ് കീപ്പറാക്കിയത് തനിക്ക് പറ്റിയ അബദ്ധമാണെന്നും സാംസണ്‍ വിശ്വനാഥ്

കൊച്ചി: ഇന്ത്യയുടെ മൂന്ന് ക്യാപ്റ്റന്മാരും ഒരു കോച്ചും ചേര്‍ന്ന് തന്റെ മകന്റെ 10 വര്‍ഷങ്ങള്‍ നശിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി സഞ്ജു സാംസണിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്.

മകന് തുടര്‍ച്ചയായി അവസരം നല്‍കിയത് സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ആണ്. ഇവര്‍ക്ക് നന്ദിയുണ്ടെന്നും എം എസ് ധോണി, രോഹിത്ത് ശര്‍മ, വീരാട് കോലി എന്നിവര്‍ ക്യാപ്റ്റന്മാരായതോടെ മകനെ തഴഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ്രാവിഡ് പരിശീലകനായി വന്നപ്പോഴും സഞ്ജുവിന് അവസരം കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്മാരാണ്. ബാക്കിയുള്ളവര്‍ കച്ചവടക്കാരും. സഞ്ജുവിനെപ്പോലൊരു ബാറ്റര്‍ ടെസ്റ്റ് ടീമില്‍ ആവശ്യമാണ് . മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ നമ്മള്‍ തോറ്റു. സഞ്ജുവിനെപ്പോലൊരു അഗ്രസ്സീവ് ബാറ്റര്‍ ടീമില്‍ വേണം. ഏതൊരു താരത്തിന്റേയും ആഗ്രഹമാണല്ലോ ടെസ്റ്റ് കളിക്കണം എന്നുള്ളത്. ടീം മാനേജ്മെന്റാണ് ഇക്കാര്യം ചിന്തിക്കേണ്ടത്.

സഞ്ജു സാംസണ്‍ ടീം പ്ലെയര്‍ ആണ്. വ്യക്തിഗത നേട്ടങ്ങള്‍ക്ക് പിന്നാലെ പോകുന്നയാള്‍ അല്ല. ഓപ്പണര്‍ ആയാണ് സഞ്ജു പണ്ടുമുതലേ കളിക്കാറുള്ളതെന്നും സാംസണ്‍ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന ബഹുമതി സഞ്ജു സാംസണ്‍ സ്വന്തമാക്കിയതിന് പിന്നാലെ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു സാംസണ്‍.

മകനെ വിക്കറ്റ് കീപ്പറാക്കിയത് തന്റെ പിഴവാണെന്നും അതുകൊണ്ട് കൂടിയാണ് അവന്റെ പത്ത് വര്‍ഷം നഷ്ടമായത്. എന്നാല്‍, ഇനിയുള്ള പത്ത് വര്‍ഷം അവന്റെ കാലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button