ഉംറ സീസൺ ആരംഭിച്ച് ഇതുവരെ 1,90,000-ലധികം വിസകൾ വിതരണം ചെയ്തതായി സൗദി

റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ച് ഇതുവരെ 1,90,000-ലധികം ഉംറ വിസകൾ വിതരണം ചെയ്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുൽഹജ്ജ് 14-ന് (ജൂൺ 10) ഉംറ സീസൺ ആരംഭിച്ചത് മുതൽ ജൂൺ 30 വരെ പുറത്തുനിന്നുള്ള തീർഥാടകർക്ക് ഇത്രയും വിസകൾ അനുവദിച്ചു.
നുസുക് പ്ലാറ്റ്ഫോം വഴിയാണ് ഉംറ വിസകൾ അനുവദിക്കുന്നത്. തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള സൗദിയുടെ വിഷൻ 2030-ന്റെ ഭാഗമായാണ് ഈ നടപടി. ജൂൺ 11 മുതൽ നുസുക് ആപ്പ് വഴി ഉംറ പെർമിറ്റുകൾ നൽകിത്തുടങ്ങിയതായും മന്ത്രാലയം സ്ഥിരീകരിച്ചു. തീർഥാടകർക്ക് എളുപ്പത്തിൽ പെർമിറ്റുകൾ ബുക്ക് ചെയ്യാനും മറ്റ് ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.
ഈ വർഷത്തെ ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഉംറ വിസ അപേക്ഷകളിൽ വൻ വർദ്ധനവുണ്ടായിരിക്കുന്നത്. ഹജ്ജ്, ഉംറ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.