Gulf

വിനോദസഞ്ചാര മേഖലയില്‍ സ്വദേശി പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സഊദി; ഒരു ലക്ഷം സഊദി യുവാക്കളെ പരിശീലിപ്പിക്കാന്‍ 10 കോടി ഡോളര്‍ ചെലവഴിക്കും

റിയാദ്: വിനോദസഞ്ചാര മേഖലയില്‍ സ്വദേശികളായ ജീവനക്കാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സഊദി ഒരുങ്ങുന്നു. ഈ രംഗത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നതിനായി ഒരു ലക്ഷം സഊദി യുവാക്കളെയും യുവതികളെയും പരിശീലിപ്പിക്കാന്‍ മന്ത്രാലയം പ്രതിവര്‍ഷം 10 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് വെളിപ്പെടുത്തി.

സഊദി അറേബ്യ എണ്‍പതുകളില്‍ തങ്ങളുടെ സാമ്പത്തിക മേഖല കെട്ടിപ്പടുത്തതിന് സമാനമായ രീതിയില്‍ ടൂറിസം മേഖലയിലും ആ നേട്ടം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയുമായി സഹകരിച്ചും അവരെ പങ്കാളികളാക്കിയും മുന്നോട്ടുപോകുമെന്നും റിയാദില്‍ നടന്ന ലോക്കല്‍ കണ്ടന്റ് ഫോറത്തില്‍ ‘വിഷന്‍ 2030’ന്റെ വെളിച്ചത്തില്‍ പ്രാദേശിക ഉള്ളടക്കത്തിനായുള്ള ഭാവി പ്രവണതകള്‍’ എന്ന വിഷയത്തില്‍ നടന്ന ഡയലോഗ് സെഷനില്‍ അല്‍ ഖത്തീബ് വ്യക്തമാക്കി.

2030ഓടെ ടൂറിസം മേഖളയില്‍ സ്വദേശി സാന്നിധ്യം 10 ശതമാനമായി ഉയര്‍ത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ചില ഹോട്ടലുകളില്‍ സഊദി ജീവനക്കാരുടെ തോത് 50 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. ഹോട്ടലുകളിലെയും ടൂറിസം റിസോര്‍ട്ടുകളിലെയും ചില സഊദി ഓപ്പറേറ്റര്‍മാര്‍ അവര്‍ക്ക് ഈ മേഖലയില്‍ പരിശീലനം വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഒരു ലക്ഷം പേര്‍ക്ക് വിദഗ്ധ പരിശീലനത്തിന് പദ്ധതി തയാറാക്കിയത്. ഹോട്ടലുകളുടെയും ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികളുടെയും മാനേജ്‌മെന്റിലും പ്രവര്‍ത്തനത്തിലും സഊദി ജീവനക്കാരെ നിയമിച്ച് തൊഴിലുകള്‍ പ്രാദേശികവല്‍ക്കരിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിതെന്നും മന്ത്രി സൂചനനല്‍കി.

Related Articles

Back to top button