സഊദി ബജറ്റിന് അംഗീകാരം; വരവ് 1,184 ബില്യണ്‍ റിയാല്‍
റിയാദ്: സഊദിയുടെ 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. 1,184 ബില്യന്‍ റിയാല്‍ വരവും 1,285 ബില്യന്‍ റിയാല്‍ ചെലവും 101 ബില്യന്‍ റിയാല്‍ കമ്മിയും പ്രതീക്ഷിക്കുന്ന ദേശീയ ബജറ്റിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വികസനത്തിനും ക്ഷേമത്തിനും കൂടുതല്‍ പരിഗണന നല്‍കുന്ന ബജറ്റിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
ബജറ്റില്‍ സൈനിക മേഖലയ്ക്കാണ് ഏറ്റവും വലിയ വിഹിതം ലഭിച്ചത്- 272 ബില്യണ്‍ റിയാല്‍. ഇത് 2024 ലെ എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ സാമൂഹിക വികസന മേഖലയ്ക്ക് 20.25 ശതമാനം വിഹിതവുമായി 260 ബില്യണ്‍ റിയാല്‍ വകയിരുത്തി. 2025-ല്‍ മന്ത്രാലയം നികുതി വരുമാനം 379 ബില്യണ്‍ റിയാല്‍ പ്രതീക്ഷിക്കുന്നു. ഇത് മൊത്തം വരുമാനത്തിന്റെ 32 ശതമാനമാണ്. 2024 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 4 ശതമാനം വര്‍ദ്ധനവാണിത്. സഊദി അറേബ്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 2024ലെ 0.8 ശതമാനത്തില്‍ നിന്ന് 2025ല്‍ 4.6 ശതമാനമായി ഉയരുമെന്ന് ധനമന്ത്രാലയം വെളിപ്പെടുത്തി.
എണ്ണേതര മേഖലയിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ ഉയര്‍ച്ചയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമാകുകയെന്നും ഈ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ എണ്ണയിതര മേഖലയുടെ സംഭാവന 52 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സഊദി അറേബ്യ സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പ് കൈവരിച്ചതായും മറ്റു രാജ്യങ്ങളെ മറികടന്ന് മുന്നോട്ടു കടക്കാന്‍ രാജ്യത്തിന് കഴിഞ്ഞെന്നും കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.