പുതിയ ക്രൈം പാറ്റേണുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാവുന്നതായി സഊദി
ദോഹ: കുറ്റവാളികള്‍ ഉപയോഗിക്കുന്ന പുതിയ ക്രൈം പാറ്റേണുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയ വെല്ലുവിളിയാവുന്നതായി സഊദി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന 41ാമത് ജിസിസി ആഭ്യന്ത്രര മന്ത്രിമാരുടെ യോഗത്തിലാണ് സഊദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍അസീസ് ബിന്‍ സഊദ് ഇക്കാര്യം ഊന്നിപ്പറഞ്ഞത്. പുത്തന്‍ സാങ്കേതികവിദ്യകളെ ദുരുപയോഗപ്പെടുത്തിയാണ് കുറ്റവാളികള്‍ പുതിയ ക്രൈം പാറ്റേണ്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്. ഇത് രാജ്യത്തിന്റേയും ഗള്‍ഫ് മേഖലയുടെയും സുരക്ഷക്ക് വലിയ ഭീഷണിയാണ്. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ അതിര്‍ത്തികടന്നുള്ള കുറ്റകൃത്യങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കുന്നു.
അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ ആയുധങ്ങള്‍ നിര്‍മിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്യുന്നു. ഇത്തരം നൂതനമായ സാങ്കേതികവിദ്യകള്‍ അവര്‍ക്ക് എളുപ്പം കിട്ടുന്ന സ്ഥിതിയാണുള്ളത്. ഇത് ഇവര്‍ക്ക് കുറ്റകൃത്യങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഉഗ്രവാദവുമെല്ലാം മേഖലയില്‍ എളുപ്പം വ്യാപിപ്പിക്കാന്‍ സഹായകമാവുന്ന സ്ഥിതിയാണുള്ളതെന്നും സഊദി ആഭ്യന്തര മന്ത്രി വ്യക്തമാക്കി.