
ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ നടന്ന ചാവേര്‍ ആക്രമണത്തില്‍ മുപ്പത്തഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഖുസ്ദര്‍ നഗരത്തില്‍ ആയിരുന്നു സ്‌കൂള്‍ ബസിന് നേരെ ആക്രമണം നടന്നത്.
ആര്‍മി പബ്ലിക് സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളുമായി പോയ ബസിന് നേരെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച വാഹനം ചാവേര്‍ സ്‌കൂള്‍ ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് പാകിസ്ഥാന്‍ അധികൃതര്‍ പറയുന്നത്.
എന്നാല്‍ സ്‌കൂള്‍ ബസിന് നേരെയുണ്ടായ ചാവേറാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് പാകിസ്ഥാന്‍ ഉന്നയിക്കുന്ന ആരോപണം. അതേസമയം പാകിസ്ഥാന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നു. ജീവനുകള്‍ നഷ്ടടമായതില്‍ അപലപിക്കുന്നതായി അറിയിച്ച മന്ത്രാലയം പാകിസ്ഥാന്റെ വാദം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്നും വിലയിരുത്തി.
ഭീകരവാദത്തിന്റെ ഉത്ഭവകേന്ദ്രമെന്ന് അറിയപ്പെടുന്നതില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയും സ്വന്തം വീഴ്ചകളെ മറച്ചുവെക്കുന്നതിന് വേണ്ടിയും എല്ലാ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും ഇന്ത്യയ്ക്കുമേല്‍ കുറ്റം ചുമത്തുന്നത് പാകിസ്ഥാന്റെ ശീലമായിരിക്കുന്നെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.