വൈറലായി രണ്ടാം ക്ലാസുകാരിയുടെ ആംബുലൻസ് യാത്രാവിവരണം

തിരുവനന്തപുരം: രണ്ടാം ക്ലാസുകാരിയുടെ ആംബുലൻസ് യാത്രയെക്കുറിച്ചുള്ള അനുഭവക്കുറിപ്പ് വൈറലായി. ”പിണറായി അപ്പൂപ്പൻ പറഞ്ഞിട്ടാണ് പൊലീസ് വന്നതെന്ന് ഉമ്മ പറഞ്ഞു” എന്ന് എഴുതിയ കോഴിക്കോട് പറമ്പിൽ ബസാർ എഎംയുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി നന്മയുടെ ഡയറിക്കുറിപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
”നിങ്ങൾ വാഹനത്തിൽ കയറി യാത്ര ചെയ്തിട്ടുണ്ടാവും. ഒരു യാത്രയുടെ അനുഭവം ചേർത്ത് വിവരണം തയാറാക്കൂ” എന്ന നിർദേശത്തിന്, അപൂർവ രോഗം ബാധിച്ച നന്മയെ ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരം പൊലീസ് അകമ്പടിയോടെ പ്രത്യേക മെഡിക്കൽ ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ സംഭവത്തെപ്പറ്റിയാണ് എഴുതിയത്.
”ആംബുലൻസിലായിരുന്നു ആ യാത്ര. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേയ്ക്ക്. ഉമ്മ എന്നെ 5 മണിക്ക് വിളിച്ചു. എന്നെ എടുത്ത് ആംബുലൻസിലെ സ്ട്രക്ചറിൽ കിടത്തി. കൂടെ അബ്ബ ഉണ്ടായിരുന്നു…’, കഴിഞ്ഞ സെപ്റ്റംബറിലെ യാത്ര ഇങ്ങനെയാണ് നന്മ വിവരിക്കാൻ തുടങ്ങിയത്.
”നന്മ മിടുക്കിയായി ഇരിക്കുന്നു” എന്നും മന്ത്രി വി. ശിവൻകുട്ടി കുറുപ്പിൽ പറയുന്നു