ഗാസ പൂർണമായും ഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റിന്റെ അനുമതി

ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റ് അനുമതി നൽകി. മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം തിരികെ പിടിക്കാനും ഹമാസിനെ എതിർക്കുന്ന സൗഹൃദ അറബ് സൈന്യത്തിന് കൈമാറാനുമാണ് ഇസ്രായേൽ പദ്ധതിയിടുന്നതെന്ന് നേരത്തെ നെതന്യാഹു പറഞ്ഞിരുന്നു
അതേസമയം ഗാസയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുന്നതിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന് യോജിപ്പില്ല. ഈ നീക്കം ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഐഡിഎഫ് മുന്നറിയിപ്പ് നൽകുന്നു. ബന്ദികളുടെ കുടുംബങ്ങളും നെതന്യാഹുവിന്റെ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്
എന്നാൽ ഐഡിഎഫിനെയും തള്ളി ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി നെതന്യാഹു മുന്നോട്ടുപോകുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ നീക്കത്തെ എതിർത്ത് ഇസ്രായേലിൽ അഭിപ്രായ വോട്ടെടുപ്പുകളും ആരംഭിച്ചു. അതേസമയം ഗാസയിൽ 24 മണിക്കൂറിനിടെ 5 പേർ കൂടി പട്ടിണി കിടന്ന് മരിച്ചു. ഇതോടെ ഗാസയിലെ പട്ടിണി മരണം 193 ആയി.