National

മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ വസന്ത് ചവാൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ വസന്ത് ചവാൻ അന്തരിച്ചു. 69 വയസായിരുന്നു. മഹാരാഷ്ട്ര നന്ദേഡിൽ നിന്നുള്ള ലോക്സഭാ അംഗമായിരുന്ന അദ്ദേഹം ഏറെനാളായി വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കുറഞ്ഞ രക്തസമ്മർദവും ശ്വാസതടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹത്തെ നന്ദേഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട്, അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ എയർ ആംബുലൻസിൽ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ചവാന്റെ സംസ്‌കാരം രാവിലെ 11ന് നൈഗോണിൽ നടക്കും.

ഈ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിങ് എംപിയായ പ്രതാപ് പാട്ടീൽ ചിഖാലിക്കറെ പരാജയപ്പെടുത്തിക്കൊണ്ടാണ് വസന്ത് ചവാൻ പാർലമെന്റിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പിൽ 59,442 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചവാന്റെ ജയം.

 

Related Articles

Back to top button