ശിശിരം: ഭാഗം 133

രചന: മിത്ര വിന്ദ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

യദു മുറിയിൽ വന്നു നോക്കിയപ്പോൾ മീനാക്ഷി ജനാലയുടെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയാണ്

അവൻ സാവധാനം അവളുടെ അരികിലേക്ക് കയറി വന്നു.

മീനാക്ഷി…
അവളുടെ തോളത്ത് പിടിച്ചുകൊണ്ട് യദു വിളിച്ചു..

മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു, കരഞ്ഞു കലങ്ങിയ മിഴികളുമായി തന്നെ നോക്കുന്ന മീനാക്ഷിയെ .

നീ വിഷമിക്കുവൊന്നും വേണ്ട, അമ്മയുടെ സ്വഭാവങ്ങളൊക്കെ നിനക്ക് ഏകദേശം മനസ്സിലായതല്ലേ, അവർ എന്തൊക്കെയായാലും മാറാൻ പോകുന്നില്ല മീനാക്ഷി… അമ്മയുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്  ഈ കുശുമ്പും കുന്നായ്മയും അഹങ്കാരവും ഒക്കെ..

മീനാക്ഷിയുടെ തോളിൽ തട്ടി യദു സമാധാനിപ്പിച്ചു..
ഒരു തേങ്ങലോട് കൂടി അവൾ അവന്റെ നെഞ്ചിലേക്ക് വീണു.
അവനെ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു.

ഒരുപാട് ഒരുപാട് മീനാക്ഷിയുടെ ഹൃദയം നൊന്തു എന്നുള്ളത് അവന് വ്യക്തമായിരുന്നു. അത്രമേൽ സങ്കടത്തോടെ ഒരിക്കലും യദു മീനാക്ഷിയെ കണ്ടിട്ടില്ലായിരുന്നു.

അവന്റെ ആശ്വാസവാക്കുകൾക്കൊന്നും, മീനാക്ഷിയുടെ സങ്കടം മാറ്റുവാൻ  സാധിക്കില്ല എന്നുള്ളതും യദുവിന് ഉറപ്പായിരുന്നു.

തന്റെ ക്ഷീണമൊക്കെ മാറിയോ ഇല്ലെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം…?
അവൻ മീനാക്ഷിയോടായി പറഞ്ഞു.

എനിക്ക് കുഴപ്പമൊന്നുമില്ല യദുവേട്ടാ… പീരീഡ്സ് ആകുന്നതിനു മുൻപു ഇങ്ങനെ വരുന്നതല്ലേ.. അതിന്റെയാണ്..
അവൾ കവിളുകൾ അമർത്തി തുടച്ചു കൊണ്ട് അവനോട് പറഞ്ഞു.

എന്നാലും അമ്മയ്ക്ക് എങ്ങനെ തോന്നി, എന്നോട് ഇങ്ങനെയൊക്കെ പെരുമാറുവാൻ, അമ്മയും ഒരു സ്ത്രീയല്ലേ. എന്റെ വേദന മനസ്സിലാക്കേണ്ടവരല്ലേ അമ്മ.. എന്നിട്ട് ഇങ്ങനെയൊക്കെ.

അവൾ വിതുമ്പലടക്കിക്കൊണ്ട് യദുവിനോട് പറയുകയാണ്..

സാരമില്ല… താൻ അതൊന്നും മൈൻഡ് ചെയ്യേണ്ട മീനാക്ഷി.. അമ്മയോട് പോകാൻ പറ…

ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തുകൂട്ടി, ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റായിരുന്നു അമ്മുവിനോടും സതി അപ്പച്ചിയോടും ചെയ്തത്, അതിന്റെയൊക്കെ പരിണിതഫലമാണ് ഞാൻ ഇന്ന് അനുഭവിച്ചു കൂട്ടുന്നത്. എനിക്കത് വ്യക്തമായിട്ട് അറിയുകയും ചെയ്യാം, എന്നെങ്കിലും ഒരിക്കൽ ഈശ്വരനും അപ്പച്ചിയുടെ ആത്മാവും എനിക്ക് ക്ഷമ തന്ന്, എന്നെ അനുഗ്രഹിക്കും, അന്ന് നമുക്കൊരു കുഞ്ഞുവാവയും  ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. അതിനോട് ഇടയ്ക്ക് അമ്മയുടെ ഈ കുത്തുവാക്കുകൾ അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് യദുഏട്ടാ.. അമ്മയോട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ പിന്നെന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്.

അവര് പറയുന്നത് പറയട്ടെ, അങ്ങനെയൊക്കെ സമാധാനം കിട്ടുന്നെങ്കിൽ അമ്മയ്ക്ക് കിട്ടട്ടെ. ആരൊക്കെ എന്തൊക്കെ പറഞ്ഞ് വിഷമിപ്പിച്ചാലും ശരി, ഞാൻ ഉണ്ടാകും നിന്റെ കൂടെ. പിന്നെ നമുക്കൊന്ന് ഹോസ്പിറ്റലിൽ പോവുകയും ചെയ്യാം, ഡോക്ടറെ കണ്ടിട്ട് എന്താണ് പറയുന്നതെന്ന് നോക്കാം. ഈ കാര്യത്തിൽ നീ എതിർത്തൊന്നും എന്നോട് പറയുകയും വേണ്ട.

മീനാക്ഷിയുടെ അരികിൽനിന്ന് ഉറച്ച ശബ്ദത്തിൽ യദു പറഞ്ഞു

**
ജയന്തി ചേച്ചി എല്ലാം പായ്ക്ക് ചെയ്ത് വെച്ചല്ലോ അല്ലേ,,,
രാത്രിയിൽ അത്താഴം കഴിക്കുവാനായി ഇരുന്നപ്പോൾ നകുലൻ ജയന്തിയെ നോക്കി ചോദിച്ചു.

മോനെ… നിങ്ങൾ രണ്ടാളും പോയാൽ പോരെ, ഞാനും കൂടി വന്നാൽ ശരിയാകുമോ.

ജയന്തിചേച്ചിക്ക് ഒരു മടി പോലെ ആയിരുന്നു അവരോടൊപ്പം നാട്ടിലേക്ക് പോകാന്.

ചേച്ചി ഒന്നുകൊണ്ടും വിഷമിക്കേണ്ട,, ഞാൻ പറഞ്ഞല്ലോ, ചേച്ചിയുടെ മകളുടെ ഒപ്പമാണ് നാട്ടിലേക്ക് വരുന്നത്, അല്ലാണ്ട് ഒരു അന്യ വീട്ടിലെ പെൺകുട്ടിയുടെ കൂടെയല്ല. അങ്ങനെ മാത്രം ഓർത്താൽ മതി. അപ്പോ യാതൊരു പ്രശ്നവും ഇല്ലെന്നേ.അല്ലെ അമ്മു.

സെറ്റിയിൽ ഇരിക്കുന്ന അമ്മുവിനെ നോക്കി നകുലൻ പറഞ്ഞു.

പിന്നല്ലാണ്ട്…. ജയന്തി അമ്മയും നമ്മളുടെ കൂടെ നാട്ടിലേക്ക് വരും. അല്ലേ വാവേ. നാട്ടിൽ വന്നിട്ട് കുറച്ചു അവിടെ നിന്ന്, എല്ലാവരെയും കണ്ടുകേട്ട് നമ്മൾ വീണ്ടും ഇങ്ങോട്ട് പോരും.
അവൾ തന്റെ മടിയിലിരിക്കുന്ന കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ട് ജയന്തി ചേച്ചിയെ നോക്കി..

എന്നാലും മോളെ.. സത്യത്തിൽ എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് പോലെ.

അതൊക്കെ ചേച്ചിയുടെ വെറും തോന്നലാണ്. നാളെ നാട്ടിലെത്തട്ടെ എന്നിട്ട് എല്ലാം നമുക്ക് തിരുത്തി കുറിക്കാം.
നകുലേട്ടൻ പറഞ്ഞതുപോലെ, ഇനിയുള്ള കാലം മുഴുവനും ഞങ്ങളോടൊപ്പം ചേച്ചിയും കാണും. ഞങ്ങൾ എവിടെ ആണെങ്കിലും ശരി, ചേച്ചിയെയും കൂടെ കൊണ്ടുപോയിരിക്കും. അതിന് യാതൊരു മാറ്റവും ഇല്ല.

മോളെ….
അവർ എന്തോ പറയുവാൻ തുടങ്ങിയതും നകുലൻ അവരെ തടഞ്ഞു.

ചേച്ചി….. എന്തിനാ ചേച്ചിക്ക് ഇത്ര ടെൻഷൻ. ഇത്രയും ദിവസത്തെ പരിചയമില്ലേ ഞങ്ങളും ആയിട്ട്, അതെങ്കിലും ഓർക്കുന്നെ.

മോനെ.. സത്യമായിട്ടും നിങ്ങൾ ഇങ്ങനെ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ, എനിക്ക്..
അവരുടെ വാക്കുകൾ മുറിഞ്ഞു.

നകുലൻ അപ്പോൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റിരുന്നു.

അമ്മു… കുഞ്ഞിനെ ഇങ്ങു തരു.
അവൻ അമ്മുവിനെ നോക്കി കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിച്ചു.
എന്നിട്ട് വാവയെയും മേടിച്ച് മുറിയിലേക്ക് പോയി.

തന്റെ അരികിൽ നിന്ന് വിങ്ങിപ്പൊട്ടുന്ന ജയന്തി ചേച്ചിയെ, അമ്മു ചെന്ന് കെട്ടിപ്പിടിച്ചു.

എന്തിനാ എന്റെ ചേച്ചി ഇങ്ങനെ വിഷമിക്കുന്നത്,,,

മോളെ…. ഞാൻ വന്നാൽ ഒരുപക്ഷേ നകുലിന്റെ അമ്മയ്ക്ക് അത് ഇഷ്ടമാകും എന്നില്ല.

നമ്മൾ ഒരുപാട് ദിവസം ഒന്നും അവിടെ നിൽക്കുന്നില്ല ചേച്ചി, 28 കെട്ട്,,, ജസ്റ്റ്‌ ഒരു ചടങ്ങ്  മാത്രമായിട്ടല്ലേ ഇവിടെ നടത്തിയുള്ളൂ, ബന്ധുക്കളെയൊക്കെ വിളിച്ചുകൂട്ടി ചെറിയൊരു ഫംഗ്ഷൻ വയ്ക്കണം, പിന്നെ നമ്മള് തിരിച്ചു പോരും. ഏട്ടന് തിരക്കുണ്ടെന്ന് പറയാം.
അമ്മു അവരെ സമാധാനിപ്പിച്ചു.

എനിയ്ക്കു എന്തോ ഒരു മടി പോലെ. അതാണ് മോളേ..

ഒരു മടിയും വേണ്ട, ഞങ്ങളില്ലേ കൂടെ.. പിന്നെന്താ.ചേച്ചി വാ നമ്മുക്ക് ഭക്ഷണം കഴിക്കാം. എനിയ്ക്ക് വിശക്കുന്നു
.
അമ്മു പറഞ്ഞതും  ജയന്തി ചേച്ചി അവൾക്ക് കഴിക്കാൻ എടുക്കുവാനായി അടുക്കളയിലേക്ക് പോയി.

***

മീനാക്ഷിയും യദുവും കൂടി ഉമ്മറത്തിരിക്കുകയാണ്.
കിച്ചനും ശ്രുതിയും വന്നിട്ട് അത്താഴം കഴിക്കാമെന്ന് കരുതി.

കുറച്ചു മുന്നേ യദൂ,
കിച്ചനെ വിളിച്ചു നോക്കിയപ്പോൾ, 10 മിനിറ്റിനുള്ളിൽ എത്തും എന്നാണ് അവനോട് പറഞ്ഞത്.

അങ്ങനെ അവര് വരുന്നത് നോക്കി രണ്ടാളും ഇരുന്നു.

പ്രിയയുടെ വീട്ടിൽ നിന്നും  കിച്ചനും ശ്രുതിയും മാത്രമേ മടങ്ങിവന്നിരുന്നുള്ളൂ.

അമ്മ എവിടെയെന്ന് മീനാക്ഷി ചോദിച്ചപ്പോൾ, അമ്മ കുറച്ചുദിവസം കഴിഞ്ഞിട്ടേ വരുള്ളൂ എന്നായിരുന്നു ശ്രുതി മറുപടി പറഞ്ഞത്.
പിന്നീട് കൂടുതൽ ഒന്നും  ചോദിക്കാതെ കൊണ്ട് ശ്രുതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെയും വാങ്ങി മീനാക്ഷി അകത്തേക്ക് പോയി.

വേഷമൊക്കെ മാറ്റി ഒന്നു മേല് കഴുകിയശേഷം ശ്രുതി  ഹോളിലേക്ക് വന്നപ്പോൾ  യദുവും മീനാക്ഷിയും കൂടി കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മീനാക്ഷിക്ക് കുഞ്ഞുവാവയോടുള്ള സ്നേഹം കണ്ടപ്പോൾ, ശ്രുതി ഒരുപാട് പ്രാർത്ഥിച്ചു പോയിരുന്നു, എത്രയും പെട്ടെന്ന് ഒരു അമ്മയാകുവാൻ മീനാക്ഷിക്ക് കഴിയണെ എന്ന്….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version