കല്യാണിയെ തേടി നാടാകെ അലയുമ്പോൾ സുഖമായി കിടന്നുറങ്ങി സന്ധ്യ; നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു

ആലുവ തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുമോൾക്കായി നാട് ഒന്നാകെ രാത്രിയാകെ തെരച്ചിൽ നടത്തുമ്പോഴും പോലീസ് കസ്റ്റഡിയിൽ സുഖമായി കിടന്നുറങ്ങുകയായിരുന്നു കല്യാണിയുടെ അമ്മ സന്ധ്യ. രാത്രി പോലീസ് വാങ്ങി നൽകിയ ഭക്ഷണവും കഴിച്ച് ഇവർ സ്റ്റേഷനിൽ കിടന്നുറങ്ങി. ഇവർക്ക് യാതൊരു കുറ്റബോധമോ സങ്കടമോ ഇല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ കുട്ടിയെ കാണാതായി എന്നാണ് സന്ധ്യ വീട്ടിൽ എത്തി പറഞ്ഞത്. വീട്ടുകാർ തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പാലത്തിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞതായി സന്ധ്യ സമ്മതിച്ചത്.
കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഒൻപതു മണിയോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിക്കും. പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം കുട്ടിയുടെ പിതാവിന്റെ വീടായ പുത്തൻകുരിശിലെ മറ്റകുഴിയിൽ എത്തിക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കൊലപാതക കേസെടുക്കുക. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വകുപ്പുകളും ഉൾപ്പെടുത്തും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയും രേഖപ്പെടുത്തും. നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്റെ കുടുംബം ആരോപിച്ചു. കുടുംബ പ്രശ്നത്തെ തുടർന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നാണ് പുത്തൻകുരിശ് പോലീസിന് കുടുംബം നൽകിയ മൊഴി.