ശിവഗംഗ കസ്റ്റഡി കൊലപാതകം: അഞ്ച് പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

തമിഴ്‌നാട് ശിവഗംഗ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മരിച്ച അജിത് കുമാറിന്റെ ശരീരത്തിൽ 30 ഇടങ്ങളിൽ ചതവുകളുണ്ടെന്നും മർദനത്തെ തുടർന്നുണ്ടാ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരമമെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി
ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായിരുന്നു ബി അജിത് കുമാർ. തിരുപ്പുവനം പോലീസ് സ്‌റ്റേഷനിലെ ക്രൂരമായ കസ്റ്റഡി മർദനത്തെ തുടർന്നാണ് അജിത് കുമാറിന്റെ ജീവൻ നഷ്ടമായത്. മധുര സ്വദേശി നികിത എന്ന സ്ത്രീയുടെ പരാതിയിൽ അജിത് അടക്കം 5 ക്ഷേത്രം ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു
ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ കാറിന്റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും മടങ്ങി വന്നപ്പോൽ ബാഗിലുണ്ടായിരുന്ന ഒമ്പതര പവൻ സ്വർണം നഷ്ടമായെന്നുമായിരുന്നു നികിതയുടെ പരാതി. ഇന്നലെ ഉച്ചയോടെയാണ് അജിതിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് വാനിൽ വെച്ച് ക്രൂരമായി മർദിച്ചെന്നും സ്‌റ്റേഷനിൽ എത്തും മുമ്പ് മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.