Automobile

സ്‌കോഡയുടെ കൈലാക്ക് നവംബര്‍ ആറിന് വരും 8 ലക്ഷത്തിന്റെ സ്‌കോഡ എസ്യുവിക്ക് മുന്നില്‍ ബ്രെസയും നെക്‌സോണും വീഴുമെന്നുറപ്പ്

പുനെ: ഇന്ന് ഇന്ത്യയിലും എസ്‌യുവികളുടെ കാലമാണ്. വിവിധ കാര്‍ നിര്‍മാതാക്കളുടെ എസ്‌യുവികളാണ് പരസ്പരം കടുത്ത മത്സരവുമായി കളംനിറഞ്ഞ് ഇപ്പോള്‍ കളിക്കുന്നത്. സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെ ഇന്ത്യയും പായാന്‍ തുടങ്ങിയതോടെ സെഡാനുകളെ സൈഡാക്കി എസ്യുവികള്‍ക്ക് പ്രധാന്യം കൊടുക്കാന്‍ തുടങ്ങിയവരാണ് ഫോക്‌സ് വാഗണ്‍ന്റെ സഹ സ്ഥാപനമായ സ്‌കോഡ. റാപ്പിഡ്, ഒക്ടാവിയ, സൂപ്പര്‍ബ് പോലുള്ള വമ്പന്‍മാരെ പതിയെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് കുഷാഖിന് ചെക്ക് റിപ്പബ്ലിക്കന്‍ ബ്രാന്‍ഡ് രൂപം കൊടുക്കുന്നത്. ഇന്ത്യക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത മോഡലായതിനാല്‍ തന്നെ ചൂടപ്പം പോലെയാണ് കുഷാക് വിറ്റുപോയത്.

ഏറ്റവും കുറഞ്ഞ വിലയില്‍ സ്‌കോഡ കാര്‍ സ്വന്തമാക്കാന്‍ കഴിയുമ്പോള്‍ ആരെങ്കിലും വേണ്ടാന്ന് വെക്കുമോ, പ്രത്യേകിച്ചും നല്ലൊരു എസ്‌യുവിക്കായി കറങ്ങിനടക്കുന്നവര്‍. കുഷാഖിലൂടെ കണ്ട വിജയം ആവര്‍ത്തിക്കാനായി കമ്പനി ഇപ്പോഴിതാ പുതിയ സബ്-4 മീറ്റര്‍ കോംപാക്ട് എസ്യുവിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നവംബര്‍ ആറിന് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന മോഡലിന് കൈലാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളിയാണ് വരാനിരിക്കുന്ന സ്‌കോഡയുടെ കോംപാക്ട് എസ്യുവിക്ക് പേരിട്ടിരിക്കുന്നതെന്നതും കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.

ലോഞ്ചിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കൈലാക്കിന്റെ രൂപം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സ്‌കോഡ. പൂര്‍ണമായും മറച്ച രീതിയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്‌കോഡ ഇന്ത്യ അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയില്‍ നിരവധി ടെലിവിഷന്‍ ഷോകളുടെ ഭാഗമായ ജനപ്രിയ കലാകാരനായ ഹാരുണ്‍ റോബര്‍ട്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. കൈലാക്കിന്റെ ഔദ്യോഗിക നാമം വെളിപ്പെടുത്തിയതിന് ശേഷം സ്‌കോഡ ഇന്ത്യ കാമഫ്ളേജ് രൂപകല്‍പ്പന ചെയ്യുന്നതിനായാണ് റോബിനെ ക്ഷണിച്ചത്.

കൈലാക്ക് പെട്രോള്‍ എഞ്ചിനുമായാവും രംഗപ്രവേശനം ചെയ്യുക. വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സ്‌കോഡ നേരത്തെ സൂചന നല്‍കിയിട്ടുണ്ട്. മാരുതി സുസുക്കിയുടെ പ്രിയ മോഡലായ ബ്രെസ, ടാറ്റയുടെ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ, കിയ സോനെറ്റ് പോലുള്ള വമ്പന്‍മാര്‍ അരങ്ങുവാഴുന്ന സെഗ്മെന്റിലേക്കാണ് മത്സരിക്കാന്‍ വരേണ്ടതെന്ന് തിരിച്ചറിഞ്ഞുള്ള പുറപ്പാടാണ് സ്‌കോഡ നടത്തുന്നത്. മിഡ്-സൈസ് എസ്യുവിയായ കുഷാഖിന്റെ ചെറിയ പതിപ്പ് പോലെയാവും മൊത്തത്തിലുള്ള രൂപം. ഡിസൈനിലേക്ക് നോക്കിയാല്‍ ചെക്ക് റിപ്പബ്ലിക്കന്‍ ബ്രാന്‍ഡിന്റെ എല്ലാ സിഗ്‌നേച്ചര്‍ സ്‌റ്റൈലിംഗും നിലനിര്‍ത്തുന്നതുമാവും കൈലാക്.

Related Articles

Back to top button