ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം; സഞ്ജു വിക്കറ്റ് കീപ്പറായേക്കും
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം. കട്ടക്കിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2024 ലോകകപ്പ് വിജയത്തിന് ശേഷം ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കളിച്ച 30 എണ്ണത്തിൽ 26 എണ്ണത്തിലും വിജയിച്ചു.
അടുത്ത ലോകകപ്പിന് രണ്ട് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നിലവിലെ ഫോം തുടരാനാണ് ഇന്ത്യയുടെ ശ്രമം. പരുക്കിൽ നിന്ന് മുക്തി നേടിയ ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ നിരയിൽ തിരിച്ചെത്തും. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമോ ജിതേഷ് ശർമ വരുമോ എന്നാണ് അറിയാനുള്ളത്
ഓപണറായി അഭിഷേക് ശർമ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഗിൽ അഭിഷേകിനൊപ്പം ഇറങ്ങും. സൂര്യകുമാർ യാദവും തിലക് വർമയും പിന്നാലെ എത്തും. അഞ്ചാമനായി സഞ്ജുവോ ജിതേഷോ ഇറങ്ങും. ഹാർദിക് പാണ്ഡ്യ ആറാമനാകും. ഹാർദികിനൊപ്പം അക്‌സർ പട്ടേലും ഓൾ റൗണ്ടറായി ടീമിലെത്തും. ബുമ്ര, അർഷ്ദീപ് സിംഗ് എന്നിവർ പേസർമാരായും ടീമിലെത്തും
