World
തുറിച്ച് നോട്ടം, മോശം പെരുമാറ്റം: നഴ്‌സിന്റെ പരാതിയിൽ യുകെയിൽ മലയാളി ദന്തഡോക്ടർക്ക് 30 ലക്ഷം രൂപ പിഴ

മോശമായി പെരുമാറിയെന്നും തുറിച്ച് നോക്കിയെന്നുമുള്ള ലണ്ടൻ സ്വദേശിനിയായ നഴ്‌സിന്റെ പരാതിയിൽ യുകെയിൽ മലയാളി വനിതാ ദന്ത ഡോക്ടർക്ക് 30 ലക്ഷം രൂപ പിഴയിട്ടു. ദന്ത ഡോക്ടർ ജിസ്‌ന ഇഖ്ബാൽ ആണ് പരാതിക്കാരിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടത്.
തുടർച്ചയായ കണ്ണുരുട്ടലും താഴ്ത്തിക്കെട്ടിയുള്ള സംസാരവും ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലും അടക്കം അപമര്യാദ നിറഞ്ഞ പെരുമാറ്റം നേരിട്ടെന്നായിരുന്നു നഴ്‌സിന്റെ പരാതി. എഡിൻബറോയിലെ ഗ്രേറ്റ് ജംഗ്ഷൻ ഡന്റൽ പ്രാക്ടീസിലാണ് സംഭവം.
ജിസ്‌ന ഇഖ്ബാലിനെതിരെ 64കാരിയായ മൗറീൻ ഹൗസണാണ് പരാതി നൽകിയത്. നാൽപത് വർഷത്തിലേറെയായി ഇവർ ദന്തരോഗ വിഭാഗത്തിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. ജിസ്‌ന അപമര്യാദയോടെയും അനാദരവോടെയുമാണ് പെരുമാറിയതെന്നും താൻ സംസാരിക്കുമ്പോഴൊക്കെ തുറിച്ച് നോക്കിയിരുന്നതായും ഹൗസൺ ആരോപിച്ചിരുന്നു.