National

ഓഹരികളുടെ വില ഉയര്‍ന്നു; ഒരാഴ്ചകൊണ്ട് ഗൗതം അദാനി നേടിയത് 39,000 കോടി

മുംബൈ: യുഎസ് ഷോര്‍ട്ട്സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനു ശേഷം തകര്‍ന്നടിഞ്ഞ ബിസിനസ് സാമ്രാജ്യത്തെ മാസങ്ങള്‍ക്കുള്ളില്‍ വിജയവിഴിയില്‍ തിരിച്ചെത്തിച്ച് ബിസിനസ് രംഗത്ത് അത്ഭുതം സൃഷ്ടിച്ച അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഒരൊറ്റ ആഴ്ചകൊണ്ട് നേടിയത് 39,000 കോടിരൂപ. മുകേഷ് അംബാനി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ശതകോടീശ്വരനായ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 15.5 ലക്ഷം കോടി രൂപയാണ്.

ആഗോള കോടീശ്വര പട്ടികളില്‍ നിലവില്‍ 21-ാം സ്ഥാനത്താണ് ഈ ഇന്ത്യന്‍ വ്യവസായി. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത പത്ത് സ്ഥാപനങ്ങളില്‍ ഒമ്പതെണ്ണത്തിന്റെയും വിപണി മൂല്യം കഴിഞ്ഞ വാരം ഗണ്യമായി വര്‍ധിച്ചതോടെയാണ് സമ്പത്തില്‍ വര്‍ധനവ് സംഭവിച്ചത്. അദാനിയുടെ കുതിപ്പില്‍ നിക്ഷേപകരും ഹാപ്പിയാണെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. മുകേഷ് അംബാനി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ് ഗൗതം.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, പവര്‍ ട്രാന്‍സ്മിഷന്‍ സ്ഥാപനമായ അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ്, ക്ലീന്‍ എനര്‍ജി കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, നഗര വാതക വിതരണക്കാരായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, അദാനി വില്‍മര്‍ ലിമിറ്റഡ്, മാധ്യമ സ്ഥാപനമായ എന്‍ഡിടിവി, സിമെന്റ് കമ്പനികളായ എസിസി, അംബുജ സിമെന്റ് എന്നിവയുടെ മൂല്യമാണ് ഉയര്‍ന്നത്.

കഴിഞ്ഞ പാദത്തില്‍ അതിഗംഭീര പ്രകടനമാണ് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികള്‍ കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണികള്‍ കടുത്ത സമ്മര്‍ദം നേരിട്ട കഴിഞ്ഞ വാരം, മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ അദാനി 39,000 കോടി രൂപയുടെ ആസ്തി വര്‍ധന രേഖപ്പെടുത്തിയെന്നത് മിന്നുന്ന നേട്ടമാണ്. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം, 62 വയസുകാരനായ ഗൗതം അദാനിയുടെ നിലവിലെ തല്‍സമയ ആസ്തി 76.9 ബില്യണ്‍ ഡോളര്‍(64,68,72,42,61,900 രൂപ) ആണ്.

Related Articles

Back to top button