
ലണ്ടൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് യുണൈറ്റഡ് കിംഗ്ഡം രാജാവ് ചാൾസ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനിലേക്കുള്ള സുൽത്താന്റെ സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് വിൻഡ്‌സർ കാസിലിൽ വെച്ച് ഈ കൂടിക്കാഴ്ച നടന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ചർച്ച ചെയ്തു. പരസ്പര താൽപ്പര്യങ്ങൾക്കും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾക്കും അനുസൃതമായി ബന്ധങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സമീപകാല ആഗോള സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശികവും അന്തർദേശീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി. ഒമാനും ബ്രിട്ടനും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ഉറ്റബന്ധം ഈ കൂടിക്കാഴ്ചയിലൂടെ കൂടുതൽ ദൃഢമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജാവായ ശേഷം ചാൾസ് മൂന്നാമൻ പലതവണ ഒമാൻ സന്ദർശിച്ചിട്ടുണ്ട്. 2023-ൽ സുൽത്താൻ ഹൈതം അദ്ദേഹത്തിന്റെ കിരീടധാരണത്തിന് ലണ്ടനിൽ എത്തിയിരുന്നു.