National

സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ല; മന്ത്രി പദവിയിൽ ശ്രദ്ധ ചെലുത്താൻ കേന്ദ്ര നിർദേശം

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സിനിമയിൽ നിന്നും താത്കാലിക ഇടവേള എടുത്തേക്കും. സുരേഷ് ഗോപി നിലവിൽ കേന്ദ്ര മന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും മാറി നിൽക്കുന്നതാണ് നല്ലതെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്.

ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിക്ക് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം. കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് പ്രതിഫലം വാങ്ങിയുള്ള മറ്റൊരു ജോലി ചെയ്യുന്നതിന് നിയമതടസ്സമുണ്ട്. അത്കൊണ്ടാണ് അഭിനയത്തിന് സർക്കാരിൽ നിന്നും അനുമതി വൈകുന്നതെന്നാണ് സൂചന. സെപ്റ്റംബറിൽ അനുമതി കിട്ടുമെന്നെയായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ലഭിച്ചില്ല.

സുരേഷ് ഗോപി ഇപ്പോൾ മന്ത്രി പദവിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണമെന്ന് മോദിയും അമിത് ഷായും നിർദേശം നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൂടാതെ, ജയിപ്പിച്ച മണ്ഡലത്തിൽ ശ്രദ്ധിക്കാനും, മന്ത്രി ഓഫിസിൽ സജീവമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ, സുരേഷ് ഗോപിക്ക് ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, തിരഞ്ഞെടുപ്പുകാലം മുതൽ ശ്രദ്ധയോടെ വളർത്തിയ താടി കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി ഒഴിവാക്കിയത്. സിനിമാഭിനയത്തിന് സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിൽ, താടിയാണ് കഥാപാത്രത്തിന്റെ ഹൈലൈറ്റ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ആ സിനിമ ഉടൻ നടക്കാൻ സാധ്യതയില്ലാത്തതിനാലാണ് ഈ രൂപമാറ്റം. ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന അടികുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

‘ഒറ്റക്കൊമ്പന്റെ’ പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിക്കേണ്ടത് പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ്. ഡിസംബർ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാൾ. കഴിഞ്ഞ വർഷത്തെ പെരുന്നാൾ ദിനങ്ങളിലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പൂർത്തിയാക്കിയത്.

ഇറ്റലിയിൽ വെച്ച് നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തിലെ അംഗമാണ് സുരേഷ്‌ഗോപി. അവിടുന്ന് മടങ്ങി എത്തിയാലുടൻ പാർലമെന്റ് സമ്മേളനം തുടങ്ങും. അത് ഡിസംബർ പകുതിയോടെയേ പൂർത്തിയാകൂ. അതുകൊണ്ട് തന്നെ, പെരുന്നാൾ ദിനങ്ങളിൽ നടക്കേണ്ട ഷൂട്ടിംഗ് ഈ വർഷം നടക്കില്ലെന്ന സ്ഥിതിയാണ്.

Related Articles

Back to top button