സൂപ്പർമാൻ സിനിമകളിലെ വില്ലൻ താരം ടെറൻസ് സ്റ്റാമ്പ് അന്തരിച്ചു; വിടവാങ്ങിയത് 87-ാം വയസ്സിൽ

ലണ്ടൻ: ‘സൂപ്പർമാൻ’, ‘സൂപ്പർമാൻ II’ എന്നീ സിനിമകളിൽ ജനറൽ സോഡ് എന്ന സൂപ്പർ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ നേടിയ പ്രശസ്ത ബ്രിട്ടീഷ് നടൻ ടെറൻസ് സ്റ്റാമ്പ് അന്തരിച്ചു. 87 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മരണവാർത്ത അറിയിച്ചത്.
ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഓസ്കാർ നോമിനേഷൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. “അദ്ദേഹം ഒരു നടനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും അസാധാരണമായ സംഭാവനകൾ നൽകിയിട്ടുണ്ട്, അത് വർഷങ്ങളോളം ആളുകളെ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും,” കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
1962-ൽ പുറത്തിറങ്ങിയ ‘ബില്ലി ബഡ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷനും ബാഫ്റ്റ അവാർഡ് നോമിനേഷനും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ‘ഫാർ ഫ്രം ദി മാഡിംഗ് ക്രൗഡ്’, ‘ദി ലൈമി’, ‘ദി അഡ്വഞ്ചേഴ്സ് ഓഫ് പ്രിസില്ല, ക്വീൻ ഓഫ് ദി ഡെസേർട്ട്’ തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ എഴുത്തുകാരൻ കൂടിയായിരുന്നു ടെറൻസ് സ്റ്റാമ്പ്.
1960-കളിലെ ‘സ്വിംഗിംഗ് ലണ്ടൻ’ കാലഘട്ടത്തിലെ പ്രധാന താരമായിരുന്ന അദ്ദേഹം, അഭിനേത്രി ജൂലി ക്രിസ്റ്റി, സൂപ്പർ മോഡൽ ജീൻ ഷ്രിംപ്ടൺ എന്നിവരുമായുള്ള ബന്ധത്തിന്റെ പേരിലും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
1999-ൽ പുറത്തിറങ്ങിയ സ്റ്റാർ വാർസ് പ്രീക്വൽ ചിത്രമായ ‘ദി ഫാന്റം മെനസി’ൽ ചാൻസലർ ഫിനിസ് വലോറം എന്ന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ടെറൻസ് സ്റ്റാമ്പിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ ലോകം ദുഃഖം രേഖപ്പെടുത്തി.