മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ 49 പേർ

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗിക്ക് ആന്റിബോഡി മെഡിസിൻ കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. 49 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. പ്രദേശത്തുള്ള 6 പേർക്ക് ചെറിയ ലക്ഷണം കണ്ടെത്തി.
ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 45 പേർ ഹൈറിസ്‌ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. രോഗ ലക്ഷണമുള്ള അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ഐസലോഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയെന്നും വീണാ ജോർജ് വ്യക്തമാക്കി. രോഗിയുടെ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും .ഇവർ ഡോക്ടറുടെ ക്ലിനിക്കിൽ അടക്കം പോയിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.