Gulf

ദുബൈയില്‍ ഫ്‌ളൈയിങ് ടാക്‌സി സ്റ്റേഷന്റെ നിര്‍മാണം തുടങ്ങി

ദുബൈ: ദുബൈയിലെ ആദ്യ ഫ്‌ളൈയിങ് ടാക്‌സി സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2026ല്‍ ഉദ്ഘാടനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 42,000 ലാന്റിങ്ങാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഫ്‌ളൈയിങ് സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചതായി വെളിപ്പെടുത്തിയത്.

ഫ്‌ളൈയിങ് ടാക്‌സിക്ക് ഇറങ്ങാനുള്ള വെര്‍ട്ടിപോര്‍ട്ട് ദുബൈ ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിനോട് ചേര്‍ന്നാവും സജ്ജമാക്കുക. ഡൗണ്‍ടൗണ്‍, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. വര്‍ഷത്തില്‍ 1.7 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

‘ഫ്‌ളൈയിങ് എയര്‍ ടാക്‌സിക്കുള്ള വെര്‍ട്ടിപോര്‍ട്ട് നിര്‍മാണം ദുബൈ രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഞങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഡൗണ്‍ടൗണ്‍, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. 2026ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കും. വര്‍ഷത്തില്‍ 1.7 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദുബൈയുടെ ഭാവി യാത്രകളെക്കുറിച്ചുള്ള മാതൃകയായി ഇത് മാറും. പുതുമയോടും സുരക്ഷയോടും സുസ്ഥിര വികസനത്തോടുമുള്ള ദുബൈയുടെ ദൃഢമായ പ്രതിബദ്ധതയാണ് പദ്ധതി’ – ശൈഖ് ഹംദാന്‍ എക്‌സില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.

Related Articles

Back to top button