സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കി പണിയാനൊരുങ്ങി സർക്കാർ; മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും

സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കി പണിയാൻ പദ്ധതിയുമായി പിണറായി സർക്കാർ. അടിയന്തരമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും രണ്ടാം നമ്പർ അനക്‌സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരമടക്കം നിരവധി നിർദേശങ്ങളാണ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗം പരിഗണിച്ചത്
സമയത്ത് അറ്റകുറ്റപ്പണി നടത്താത്ത സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ വലുതും ചെറുതുമായ അപകടങ്ങൾ പതിവാണ്. സെക്രട്ടേറിയറ്റ് കെട്ടിടം ആകെ പുതുക്കി പണിയാനാണ് സർക്കാരിന്റെ പദ്ധതി. സെക്രട്ടേറിയറ്റ് വളപ്പിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ട്രയൽ റൺ നടത്തി എത്രയും വേഗം ഉപയോഗക്ഷമമാക്കും.
ഇലക്ട്രോണിക് മാലിന്യം അന്നന്ന് തന്നെ സംസ്‌കരിക്കാനും ഉപയോഗശൂന്യമായ വാഹനങ്ങൾ സെക്രട്ടടേറിയറ്റിൽ നിന്ന് അടിയന്തരമായി മാറ്റാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.