വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം; കടുത്ത അതൃപ്തി രേഖപ്പെത്തി ഹൈക്കോടതി

വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വർഷത്തെ മൊറട്ടോറിയവും ഉൾപ്പെടുമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. വായ്പയിൽ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും.
അതേസമയം, ദുരന്ത ബാധിതർക്ക് വായ്പാ തിരിച്ചടവിന് കൂടുതൽ സമയം നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതിയുടെ ചോദ്യം. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര സർക്കാർ മറുപടി നൽകി. അങ്ങനെയെങ്കിൽ വായ്പയെടുത്ത ദുരന്ത ബാധിതർക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
വായ്പ പുനക്രമീകരണത്തിൽ കേന്ദ്രത്തോട് കടുത്ത അതൃപ്തി ഹൈക്കോടതി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്ന് കേന്ദ്ര സർക്കാർ മറുപടി നൽകി. ദുരന്തബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. ഇതിൽ പുനരാലോചന വേണമെന്നും കോടതി നിർദേശിച്ചു. എന്നാൽ വായ്പ എഴുതി തള്ളുന്നത് പരിഗണനയിൽ ഇല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.