
തന്റെ പിതാവിന്റെ നാടായ ഇന്ത്യയിലേക്ക് ഉടന്‍ വരാനും ഐഎസ്ആര്‍ഒ അംഗങ്ങളുമായി സംസാരിക്കാനും പ്ലാന്‍ ചെയ്ത് വരികയാണെന്ന് ബഹിരാകാശസഞ്ചാരി സുനിത വില്യംസ്. ഒന്‍പത് മാസക്കാലം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ വേളയില്‍ സ്‌പേസ്‌ക്രാഫ്റ്റ് ഇന്ത്യയുടെ ഭാഗത്തുകൂടി കടന്നുപോകുമ്പോഴെല്ലാം ഹിമാലയം തനിക്ക് വിസ്മയക്കാഴ്ചയായെന്നും സുനിത വില്യംസ് പറഞ്ഞു. തന്റെ പിതാവിന്റെ നാട്ടിലെത്താനും ആളുകളെ കാണാനും ഐഎസ്ആര്‍ഒ ബഹിരാകാശയാത്രികരെ കണ്ട് സംസാരിക്കാനും തനിക്ക് ഏറെ താത്പര്യമുണ്ടെന്നും സുനിത വില്യംസ് പറഞ്ഞു.
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വളരെ വ്യക്തമായി കാണാനാകുമെന്നും അത് മനോഹരമാണെന്നും സുനിത വില്യംസ് പറഞ്ഞു. സ്‌പേസില്‍ നിന്ന് ഹിമാലയത്തെക്കാണുന്നത് ഒരു അവിശ്വസനീയമായ കാഴ്ചയാണ്. തങ്ങള്‍ നിരവധി ചിത്രങ്ങള്‍ എടുത്തിട്ടുമുണ്ട്. ജനസാന്ദ്രമായ നഗരങ്ങളില്‍ രാത്രി തെളിയുന്ന വെളിച്ചങ്ങളും കടലുകളും തന്നെ ഇന്ത്യയോട് കൂടുതല്‍ അടുപ്പിച്ചെന്നും സുനിതാ വില്യംസ് പറഞ്ഞു. നാസ നടത്തിയ വിശദമായ വാര്‍ത്താ സമ്മേളനത്തിലാണ് സുനിത വില്യംസ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
തങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുരക്ഷിതമായി ഭൂമിയിലെത്തിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിനും സുനിത വില്യംസും ബുച്ച് വില്‍മോറും നന്ദി അറിയിച്ചു. 286 ദിവസങ്ങളാണ് സുനിത വില്യംസും ബുച്ചും ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്.