ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസ്
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ മാതൻ എന്ന ആദിവാസി യുവാവ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
മാതന്റെ അരയ്ക്കും കൈ കാലുകൾക്കും പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിൽ എത്തിയ സംഘമാണ് യുവാവിനോട് ക്രൂരത കാണിച്ചത്. വിനോദ സഞ്ചാരികളുടെ സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇതിൽ ഇടപെടാനെത്തിയ മാതനെ കാറിൽ വലിച്ചിഴക്കുകയുമായിരുന്നു
പയ്യമ്പള്ളി കൂടൽകടവ് ചെക്ക് ഡാമിനടുത്താണ് സംഭവം. രണ്ട് സംഘങ്ങൾ തമ്മിൽ ഇവിടെ തർക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാൻ ശ്രമിച്ചതാണ് മാതൻ. ഇതോടെയാണ് ഡോറിനോട് ചേർത്ത് കൈ പിടിച്ച് മാതനെ കാറിലുണ്ടായിരുന്നവർ അര കിലോമീറ്റർ ദൂരം വലിച്ചിഴച്ചത്.