ഇതിഹാസം കളമൊഴിഞ്ഞു: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ആർ അശ്വിൻ, പ്രഖ്യാപനം അപ്രതീക്ഷിതം
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസ സ്പിന്നർ ആർ അശ്വിൻ. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മൂന്നാം ടെസ്റ്റിന്റെ അവാസന ദിവസമാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്ബേൻ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ നായകൻ രോഹിത് ശർമക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അശ്വിൻ
106 ടെസ്റ്റിൽ നിന്ന് 537 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് അശ്വിൻ. 116 ഏകദിനത്തിൽ നിന്ന് 156 വിക്കറ്റും 65 ടി20യിൽ നിന്ന് 72 വിക്കറ്റും സ്വന്തമാക്കി. ടെസ്റ്റിൽ ആറ് സെഞ്ച്വറികൾ സഹിതം 3503 റൺസും അശ്വിന്റെ പേരിലുണ്ട്.
2010 ജൂണിലാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2011ൽ ഏകദിന ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം മാൻ ഓഫ് ദ സീരീസ് പുരസ്കാരം നേടിയ താരമാണ് അശ്വിൻ. 11 തവണയാണ് അദ്ദേഹം മാൻ ഓഫ് ദ സിരീസ് പുരസ്കാരം നേടിയത്.
അനിൽ കുംബ്ലെക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് അശ്വിൻ. ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളർമാരിൽ ഏഴാം സ്ഥാനത്താണ് താരം. അഡ്ലെയ്ഡിൽ നടന്ന ടെസ്റ്റിലാണ് അവാസനമായി അശ്വിൻ കളിച്ചത്. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.