" "
Kerala

‘ജീവിക്കുന്ന രക്തസാക്ഷി’; സിപിഎമ്മിന്റെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായിരുന്ന പുഷ്പൻ

നിരവധി രക്തസാക്ഷികളുണ്ട് സിപിഎമ്മിന്. പക്ഷേ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നൊരു വിശേഷണം കൊണ്ട് തന്നെ കേരളത്തിലെ പാർട്ടിക്ക് അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു പുഷ്പൻ. പുഷ്പന്റെ ചരിത്രം പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശമായിരുന്നു. മൂന്ന് പതിറ്റാണ്ടോളം കാലം ചെറുത്തുനിൽപ്പിന്റെ പ്രതീകമായി നിന്ന പുഷ്പൻ ഒടുവിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

1994ൽ നവംബർ 25ന് കൂത്തുപറമ്പിൽ മന്ത്രി എംവി രാഘവനെതിരായ പ്രതിഷേധത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്. ഡിവൈഎഫ്‌ഐ എന്ന സംഘടനയുടെ അഞ്ച് പ്രവർത്തകർ കൊല്ലപ്പെട്ടു. പുഷ്പനാകട്ടെ വെടിയേറ്റ് പിന്നീടുള്ള ജീവിതകാലമാകെ തളർന്നുകിടന്നു. ജീവിക്കുന്ന രക്തസാക്ഷിയായി മാറി.

കർഷക തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്പൻ എട്ടാം ക്ലാസ് വരെയാണ് പഠിച്ചത്. കുടുംബം പുലർത്താനായി ബംഗളൂരുവിൽ ജോലിക്ക് പോയി. തിരികെ നാട്ടിലെത്തിയപ്പോഴാണ് സ്വാശ്രയ കോളേജ് വിരുദ്ധ സമരം കേരളത്തിൽ ആളിക്കത്തുന്നത്. സജീവ പാർട്ടി പ്രവർത്തകനായിരുന്ന പുഷ്പൻ അങ്ങനെ എംവി രാഘവനെ തടയാനായി കൂത്തുപറമ്പിലെത്തി.

രാഘവനെ തടയാനായി രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി തടിച്ചുകൂടിയത്. മന്ത്രി രാഘവനെത്തിയപ്പോഴേക്കും പ്രവർത്തകർ ഇരച്ചെത്തി. ലാത്തിചാർജുമായി പോലീസും കല്ലേറുമായി പ്രവർത്തകരും. പിന്നാലെ പോലീസ് വെടിവെപ്പ് തുടങ്ങി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ കെ രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെവി റോഷൻ, പ്രവർത്തകരായ ഷിബുലാൽ, മധു, ബാബു എന്നിവർ മരിച്ചുവീണു. കഴുത്തിന് പിന്നിൽ വെടിയേറ്റ പുഷ്പൻ അന്നു മുതൽ കിടപ്പിലായിരുന്നു.

Related Articles

Back to top button
"
"