സര്‍ക്കാര്‍ സേവനങ്ങളുടെ കാലതാമസം കുറക്കുന്ന പദ്ധതികള്‍ക്ക് 70 ലക്ഷം ദിര്‍ഹം സമ്മാനം നല്‍കാന്‍ യുഎഇ ഒരുങ്ങുന്നു
അബുദാബി: രാജ്യത്ത് ലഭ്യമാവുന്ന സര്‍ക്കാര്‍ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ഉതകുന്ന പദ്ധതികള്‍ മുന്നോട്ടുവെക്കുന്ന ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 70 ലക്ഷം ദിര്‍ഹം സമ്മാനം നല്‍കാന്‍ യുഎഇ ഫെഡറള്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നു. രാജ്യത്തുനിന്നും ബ്യൂറോക്രസി കട്ട് ഓഫ് ചെയ്യുകയെന്ന പദ്ധതിയുടെ ഭാഗമാണ് പ്രഖ്യാപനം. ഇതോടൊപ്പം യുവാക്കളെ പിന്തുണക്കുന്ന പദ്ധതികള്‍ക്കായി ഫെഡറല്‍ ഗവ. 30 കോടി ദിര്‍ഹവും വിലയിരുത്തിയിട്ടുണ്ട്.
ഗവ. പ്രൊസീജിയറുകള്‍ കുറക്കാന്‍ ഉതകുന്ന പദ്ധതികള്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. വ്യക്തികളെയും സംഘങ്ങളെയും ഫെഡറല്‍ സ്ഥാപനങ്ങളെയും ഈ പദ്ധതിയിലൂടെ ആദരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഇതേക്കുറിച്ച് എക്‌സില്‍ കുറിച്ചു.
യുവാക്കള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് എമിറേറ്റ്‌സ് എന്റെര്‍പ്രണര്‍ഷിപ് കൗണ്‍സിലിന് ക്യാബിനറ്റ് 30 കോടി ദിര്‍ഹം അനുവദിച്ചിരിക്കുന്നത്. ആലിയ അല്‍ മസ്‌റൂഇ ആയിരിക്കും കൗണ്‍സിലിനെ നയിക്കുക. രാജ്യത്തെ ആധുനിക വാസ്തുവിദ്യയിലുള്ള പൈതൃകങ്ങളെ സംരക്ഷിക്കാനുള്ള ദേശീയ നയത്തിനും ക്യാബിനറ്റ് അംഗീകാരം നല്‍കിയതായും ശൈഖ് മുഹമ്മദ് പറഞ്ഞു.