Gulf

സായിദ് ഗ്രാന്റ് ക്യാമെല്‍ റേസിന് തുടക്കമായി

അബുദാബി: അല്‍ വത്ബയിലെ ക്യാമെല്‍ റേസ് ട്രാക്കില്‍ സായിദ് ഗ്രാന്റ്് ക്യാമെല്‍ റേസിന് തുടക്കമായി. ആയിരക്കണക്കിന് ഒട്ടകങ്ങളാണ് വിഖ്യാതമായ സായിദ് ഒട്ടകയോട്ട മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരക്കുക. ഡിസംബര്‍ ഒന്നുവരേയാണ് മത്സരം നീണ്ടുനില്‍ക്കുക. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം നടക്കുന്നത്. യുഎഇയില്‍നിന്നുള്ള മത്സരാര്‍ഥികളായ ഒട്ടകങ്ങള്‍ക്ക് പുറമേ ജിസിസി രാജ്യങ്ങളില്‍നിന്നുമുള്ള നൂറുകണക്കിന് ഒട്ടകങ്ങളും സായിദ് ഗ്രാന്റ് ക്യാമല്‍ റേസില്‍ മാറ്റുരക്കാന്‍ എത്തുന്നുണ്ട്.

217 മത്സരഓട്ടങ്ങളിലായി 36 ട്രോഫികളാണ് വിജയികള്‍ക്ക് ലഭിക്കുകയെന്ന് സംഘാടക സമിതി അറിയിച്ചു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനാണ് അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മേഖലയിലെ ഏറ്റവും മികച്ച ഓട്ടകയോട്ട മത്സരമായ സായിദ് ഗ്രാന്റ് ക്യാമല്‍ റേസിന് തുടക്കമിട്ടത്. അന്നുള്ളതില്‍നിന്നും ഒട്ടും ആവേശം ചോരാതെയാണ് ഇന്നും കെങ്കേമമായി യുഎഇ ഭരണാധികാരികള്‍ മത്സരം സംഘടിപ്പിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മത്സരം വീക്ഷിക്കാന്‍ എത്തുന്നതും ഈ കായികമത്സരത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ബോധ്യപ്പെടുത്തുന്നത്. യുഎഇ പ്രസിഡന്റിന്റെ ഉപദേശകന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്റെ നേതൃത്വത്തിലുള്ള ക്യാമെല്‍ റേസിങ് ഫെഡറേഷനാണ് മത്സരത്തിന്റെ സംഘാടകര്‍.

Related Articles

Back to top button