തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ പിഴയും
തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഹരിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിധിക്ക് ശേഷവും കൂസൽ ഇല്ലാതെയാണ് പ്രതികൾ കോടതിയിൽ നിന്നത്.
വിധിയിൽ തൃപ്തിയില്ലെന്ന് ഹരിത പ്രതികരിച്ചു. ഇരട്ട ജീവപര്യന്തമാണ് പ്രതീക്ഷിച്ചതെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും വിധിക്ക് പിന്നാലെ ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ക്രിസ്മസ് ദിനത്തിലാണ് 27കാരനായ അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയത്. ഇതര ജാതിയിൽ നിന്ന് വിവാഹം കഴിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, ഹരിതയുടെ അച്ഛൻ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരാണ് പ്രതികൾ
ദീർഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെയും അനീഷിന്റെയും വിവാഹം. പോലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പിന് ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. പോലീസ് സ്റ്റേഷനിൽ വെച്ച് അനീഷിനെ 90 ദിവത്തിനുള്ളിൽ കൊലപ്പെടുത്തുമെന്ന് പ്രഭുകുമാർ മകളുടെ മുഖത്ത് നോക്കി പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് 88ാം ദിവസമാണ് അനീഷ് കൊല്ലപ്പെടുന്നത്.