പുതുവര്‍ഷം ആഘോഷിക്കാന്‍ യുഎഇ തിരഞ്ഞെടുത്തവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല; ഗിന്നസ് ബുക്ക് ലക്ഷ്യമിട്ടുള്ള വെടിക്കെട്ടും
അബുദാബി: ഇത്തവണ പുതുവര്‍ഷം ആഘോഷിക്കാന്‍ യുഎഇ തിരഞ്ഞെടുത്ത ഒരാള്‍ക്കും നിരാശപ്പെടേണ്ടി വരില്ലെന്നാണ് ആഘോഷത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ പറയാനാവുക. രാജ്യം 53 ദേശീയ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഈ അവസരത്തില്‍ ഗിന്നസ് ലോക റെക്കാര്‍ഡ് ലക്ഷ്യമിട്ട് 53 മിനുട്ട് നീളുന്ന വെടിക്കെട്ടിനാണ് ഇന്ന് രാത്രി അബുദാബി ശൈഖ് സായിദ് ഫെസ്റ്റിവലില്‍ തുടക്കമാവുക.
വൈകിയിട്ട് ആറിന് ആണ് വെടിക്കെട്ടിന് തിരികൊളുത്തുക. ഓരോ 60 മിനുട്ട് ഇടവിട്ട് വെടിക്കെട്ട് ഉണ്ടാവും. രാജ്യം പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന അര്‍ധരാത്രി 12ന് ആവും 53 മിനുട്ടുള്ള സവിശേഷമായ വെടിക്കെട്ടിന് തിരികൊളുത്തുക. ആറായിരം ഡ്രോണുകളാണ് അബുദാബിയുടെ ആകാശങ്ങളില്‍ രാജ്യത്തിന്റെ നേട്ടങ്ങളും സമ്പന്നമായ ചരിത്രവും വര്‍ത്തമാനവുമെല്ലാം വരച്ചിടുക. 12 മണിക്കൂര്‍ നീളുന്ന ഇടവേളകളില്ലാത്ത കാലാവിരുന്നാണ് സന്ദര്‍ശകര്‍ക്ക് വിരുന്നേകുക. വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ 50 ദിര്‍ഹത്തിന്റെ ടിക്കറ്റ് മൂലം പ്രവേശനം നിയന്ത്രിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അബുദാബി കോര്‍ണിഷ്, യാസ് ഐലന്റ്, ഹുദൈരിയാത്ത്, മദീന സായിദ് പബ്ലിക് പാര്‍ക്ക്, മിര്‍ഫയിലെ മഗീറ ബേവാട്ടര്‍ ഫ്രണ്ട്, അല്‍ ദഫ്രയിലെ ഗയാത്തി എന്നിവിടങ്ങളിലും വെടിക്കെട്ടിന് പൊതുജനങ്ങള്‍ക്ക് സാക്ഷിയാവാന്‍ അബുദാബി അധികൃതര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ ഒമ്പത് മിനുട്ട് നീളുന്ന വെടിക്കെട്ടാവും അരങ്ങേറുക. അതൊരു വര്‍ണവിസ്മയംതന്നെയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റാസല്‍ഖൈമയിലും വന്‍ പരിപാടികളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സംഘടിപ്പിക്കുന്നത്. അല്‍ മര്‍ജാന്‍ ഐലന്റാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. അല്‍ മര്‍ജാന്‍ ഐലന്റിന്റെ വെബ് സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. കിലോമീറ്ററുകളോളം നീളത്തിലാണ് ഇവിടെ വെടിക്കെട്ട് നടക്കുക. കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നതിനാല്‍ ഉച്ചക്ക് രണ്ടിനെങ്കിലും റാസല്‍ഖൈമയില്‍ എത്തിയാലെ ആഘോഷങ്ങള്‍ക്ക് ദൃസാക്ഷിയാവാന്‍ സാധിക്കൂ.