Gulf

തൃശൂര്‍ സ്വദേശിനി ഗായത്രിക്ക് ഗ്രാമി അവാര്‍ഡ് കൈയെത്തും ദൂരത്ത്; പ്രതീക്ഷയോടെ ഖത്തറിലെ പ്രവാസികള്‍

ദോഹ: ഖത്തറിലെ പ്രവാസി കുടുംബാംഗമായ ഗായത്രിക്ക് ഗ്രാമി അവാര്‍ഡ് കൈയെത്തും ദൂരത്തെത്തിയതില്‍ അതീവ സന്തോഷത്തിലാണ് ഖത്തറിലെ പ്രവാസികളായ മലയാളികള്‍. സംഗീത ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാര്‍ഡ് പ്രഖ്യാപനം അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഉണ്ടാവുക. പുരസ്‌കാര നിര്‍ണയത്തില്‍ ഏറെ പ്രാധാന്യമുള്ള ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ഡിസംബര്‍ 12 മുതല്‍ ജനുവരി മൂന്നുവരെയാണ്.

ആല്‍ബം ഓഫ് ദി ഇയര്‍ ബെസ്റ്റ് ഡാന്‍സ്/ഇലക്ട്രോണിക് വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ചിരിക്കുന്ന ലോക പ്രശസ്ത സംഗീതജ്ഞന്‍ സൈദിന്റെ ടെലോസ് എന്ന ആല്‍ബമാണ് ഗായത്രിയുടെ ഗ്രാമി പുരസ്‌കാര നിറവിന് പ്രതീക്ഷയേകുന്നത്. ടെലോസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പത്തോളം പാട്ടുകളില്‍ ‘ഔട്ട് ഓഫ് ടൈം’, ടാന്‍ജെറിന്‍ റൈസ് എന്നീ ഗാനങ്ങള്‍ ഗായത്രി ഉള്‍പ്പെട്ട അഞ്ചംഗ സംഘമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ടെലോസിലെ ഈ രണ്ട് ഗാനങ്ങളാണ് 67ാമത് ഗ്രാമി ആവാര്‍ഡിനായി പരിഗണിക്കുന്നത്. 2025 ഫെബ്രുവരി രണ്ടിനാണ് ലോസ്ആഞ്ചല്‍സില്‍ ഗ്രാമി അവാര്‍ഡ് പ്രഖ്യാപനം നടക്കുക. ആല്‍ബം ഓഫ് ദ ഇയര്‍ കാറ്റഗറിയില്‍ ആകെ അഞ്ചു ആല്‍ബങ്ങളാണ് മത്സരിക്കുന്നത്.

ഖത്തറില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കരുണാകര മേനോന്റേയും സംരംഭകായ ബിന്ദുവിന്റേയും രണ്ട് മക്കളില്‍ മൂത്തവളാണ് ഗായത്രി. അനിയത്തി ഗൗരി. ദോഹയിലെ സംഗീത വേദികളിലെ സജീവ സാന്നിധ്യമായ പിതാവു തന്നെയാണ് ഗായത്രിയെ പാട്ടിന്റെ മേഖലയിലേക്ക് നയിച്ചത്. ദോഹയിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ പഠിച്ച ഗായത്രി പിന്നീട് ആന്ധ്രയിലെ പീപാല്‍ ഗ്രോവ് സ്‌കൂളില്‍നിന്നും പ്ലസ് ടു കഴിഞ്ഞ് അമേരിക്കയിലെ പ്രശസ്തമായ ബിര്‍ക്ലി രോളജ് ഓഫ് മ്യൂസിക്കില്‍ ഡിഗ്രി പഠനം തുടരുകയാണ്.

Related Articles

Back to top button