ട്രാക്കിൽ മരത്തടി കെട്ടിവെച്ചു; യുപിയിൽ രാജധാനി അടക്കമുള്ള രണ്ട് ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം

യുപിയിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളിൽ ഇരുമ്പ് കമ്പി കൊണ്ട് മരത്തടി കെട്ടിവെച്ചാണ് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ദലേൽനഗർ-ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് അട്ടിമറിക്കാൻ ശ്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. രാജധാനി എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ മരത്തടികൾ കണ്ടത്. ട്രെയിൻ നിർത്തിയിട്ട ലോക്കോ പൈലറ്റ് മരക്കഷ്ണം നീക്കം ചെയ്ത് റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ട്രെയിൻ യാത്ര തുടർന്നു.
പിന്നാലെ ഇതേ റൂട്ടിലൂടെ സഞ്ചരിച്ച കാത്‌ഗോഡം-ലക്‌നൗ എക്‌സ്പ്രസും പാളം തെറ്റിക്കാൻ ശ്രമം നടന്നു. പാളത്തിൽ മരത്തടി വെച്ച് തന്നെയായിരുന്നു അട്ടിമറി ശ്രമം. ഈ ട്രെയിനിന്റെയും ലോക്കോ പൈലറ്റ് ട്രാക്കിൽ മരത്തടി കണ്ട് ട്രെയിൻ നിർത്തിയതോടെയാണ് അപകടം വഴിമാറിയത്.