കുടിയേറ്റക്കാരുമായി എത്തുന്ന സൈനിക വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു; കൊളംബിയക്കെതിരെ പ്രതികാര നടപടിയുമായി ട്രംപ്
വാഷിങ്‌ടൺ: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൊളംബിയക്കെതിരെ പ്രതികാര നടപടിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാരുമായി എത്തിയ സൈനിക വിമാനങ്ങൾക്ക് ലാൻഡിങ് അനുമതി നിഷേധിച്ച കൊളംബിയന്‍ പ്രസിഡന്‍റ് ഗുത്‌സാ വോ പെട്രോയുടെ നടപടിക്ക് പിന്നാലെ കൊളംബിയക്കെതിരെ എമർജൻസി താരിഫ് ഏർപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. രാജ്യത്ത് നിന്നും ഇറക്കുതി ചെയ്യുന്ന എല്ലാ വസ്‌തുക്കള്‍ക്കും 25% തീരുവ ഏര്‍പ്പെടുത്തിയതായാണ് പ്രഖ്യാപനം.
https://x.com/petrogustavo/status/1883434963057729650
ഈ നടപടികൾ ഒരു തുടക്കം മാത്രമാണെന്നും ഒരാഴ്‌ചക്കുള്ളിൽ ഇറക്കുമതി തീരുവ 25%ൽ നിന്ന് 50% ആയി ഉയർത്തുമെന്നും സോഷ്യമീഡിയ പ്ലാറ്റ്‌ഫോമായ ദി ട്രൂത്തിലൂടെയാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. അമേരിക്കയിലെ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച നിയമപരമായ ബാധ്യതകളിൽ ഇടപെടാൻ കൊളംബിയൻ സർക്കാരിന് അനുവാദമില്ലെന്നും ട്രംപ് കുറിച്ചു.
ക്രിമിനലുകള്‍ എന്നാണ് അനധികൃത കുടിയേറ്റക്കാരെ ട്രംപ് വിമർശിച്ചത്. ദേശീയ സുരക്ഷയെയും പൊതു സുരക്ഷയെയും അപകടത്തിലാക്കുന്ന പ്രവർത്തിയാണ് ഗുത്‌സാ വോ പെട്രോയുടേതെന്നും ട്രംപ് വിമർശിച്ചു. കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനൊപ്പം കൊളംബിയൻ സർക്കാർ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.
നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ശക്തമായ മുന്നറിയിപ്പാണ് ട്രംപിൻ്റേതെന്ന് വൈറ്റ് ഹൗസിന്‍റെ എക്‌സ് പോസ്‌റ്റില്‍ അറിയിച്ചിരുന്നു.
അതേസമയം, 2024 ലെ അമേരിക്ക പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നിയമപരമായി അനുമതിയില്ലാതെ യുഎസിൽ താമസിക്കുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനുവരി 20ന് അധികാരത്തിലെത്തിയ ട്രംപ് മെക്‌സിക്കോയുമായുള്ള തെക്കൻ അതിർത്തിയിൽ “ദേശീയ അടിയന്തരാവസ്ഥ” പ്രഖ്യാപിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. ഇതിനുപിന്നാലെയാണ് നാടുകടത്തല്‍ ആരംഭിച്ചത്.