ട്രംപിന്റെ പ്രതികാര ചുങ്കം: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ഇന്ന് മുതൽ 50 ശതമാനം തീരുവ

ഇന്ത്യയ്ക്ക് മേൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം ഇന്ന് മുതൽ 50 ശതമാനമാണ് തീരുവ. തിങ്കളാഴ്ച അമേരിക്കൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ട കരടുവിജ്ഞാപനമിറക്കിയിരുന്നു.
ബുധനാഴ്ച ഇന്ത്യൻ സമയം പകൽ ഒമ്പത് മണിക്ക് ശേഷം അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യൻ ചരക്കുകൾക്ക് പിഴച്ചുങ്കം ബാധകമാകും. തുണിത്തരങ്ങൾ, തുന്നിയ വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകലുൽപ്പന്നങ്ങൾ, ചെരുപ്പ്, രാസവസ്തുക്കൾ, വൈദ്യുത-മെക്കാനിക്കൽ യന്ത്രങ്ങൾ, മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വർധന കൂടുതൽ ബാധിക്കുക.
മരുന്ന്, ഊർജോത്പന്നങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയെ ചുങ്കം ബാധിച്ചേക്കില്ല. അതേസമയം എത്ര സമ്മർദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചുങ്കം ഭീഷണിയിൽ പ്രതികരിച്ചത്.